സ്വന്തം കാലില്‍ നില്‍ക്കാനൊരുങ്ങി ഖത്തര്‍…ഉപരോധത്തെ മറികടന്ന് അനുദിനം ഉയരങ്ങളിലേക്ക്

ദോഹ: ഗള്‍ഫിലെ കൊച്ചുരാഷ്ട്രമാണ് ഖത്തര്‍. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ വന്‍കിട രാഷ്ട്രങ്ങളെ വെല്ലുന്ന നീക്കങ്ങളും വേഗതയുമാണ് ഖത്തറിന്. രാജ്യത്ത് അടുത്തിടെ വന്ന മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. വാണിജ്യ, കായിക, സാമ്പത്തിക മേഖലകളില്‍ ത്വരിത നടപടികളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങളുമായി വാണിജ്യ കരാറുകള്‍ ഒപ്പുവച്ച ഖത്തര്‍, ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല, മെഡിക്കല്‍ രംഗത്ത് പുതിയ പ്രഖ്യാപനങ്ങള്‍ ഖത്തര്‍ നടത്തിയിരിക്കുന്നു. കായിക മേഖലയില്‍ അടുത്ത ഫുട്ബോള്‍ ലോകകപ്പ് ഖത്തറിന് നിര്‍ണായകമാകുമെന്ന വിലയിരുത്തലും വന്നുകഴിഞ്ഞു. സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം സ്വന്തമായ വഴിയില്‍ നീങ്ങിയ ഖത്തറിന്റെ എല്ലാ നീക്കങ്ങളും വിജയിക്കുകയാണ്. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. പ്രകൃതി വാതകമാണ് ഈ രാജ്യത്തിന്റെ വരുമാനശക്തി. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യവും ഖത്തര്‍ തന്നെ. തങ്ങളുടെ സമ്പത്ത് ഉപയോഗിച്ച് തന്നെയാണ് ഉപരോധം ഖത്തര്‍ മറികടന്നതെന്ന് പറയാം. ഇതിന് തുര്‍ക്കിയും ഒമാനും ഇറാനും സഹായിച്ചുവെന്നതും എടുത്തുപറയണം.

മെഡിക്കല്‍ രംഗത്ത് പ്രവാസികള്‍ക്ക് കൂടി ഗുണം ചെയ്യുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഖത്തര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബിരുദധാരികളായ നഴ്സുമാരെയും മിഡ് വൈഫുമാരെയും നിയമിക്കാന്‍ തീരുമാനിച്ചു. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബെയ്ത്ത് അല്‍ ദിയാഫയില്‍ ജൂലൈ 19ന് അഭിമുഖം നടത്താനും തീരുമാനിച്ചു. ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. ഖത്തര്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് നിയമനം. ബിഎസ്സി നഴ്സിങ് ബിരുദമുള്ള രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് ഖത്തര്‍ ഐഡി വേണം. ഖത്തറിലുള്ള ഒട്ടേറെ പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അടുത്ത ഫുട്ബോള്‍ ലോകകപ്പ് മല്‍സരം നടക്കുന്നത് ഖത്തറിലാണ്. 2022ല്‍ നടക്കുന്ന ലോകകപ്പ് ഖത്തറിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ഫ്രഞ്ച് ലോക ചാംപ്യന്‍ താരം മാഴ്സല്‍ ഡിസൈലി ഇക്കാര്യം ശരിവയ്ക്കുന്നു. കാരണം, ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പാണ് അദ്ദേഹം എടുത്തുപറഞ്ഞത്. വേദികള്‍ തമ്മിലുള്ള അകലം ഖത്തറില്‍ വളരെ കുറവാണെന്നതാണ് നേട്ടം. എല്ലാ മല്‍സരങ്ങളും കാണാന്‍ കായിക പ്രേമികള്‍ക്ക് സാധിക്കും. ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറിന് വന്‍ തിരിച്ചടി നേരിട്ടത് ക്ഷീര, ഭക്ഷ്യ മേഖലകളിലായിരുന്നു. ബുഡാപെസ്റ്റില്‍ നിന്ന് പശുക്കളെ ഇറക്കിയതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത് കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചു വരികയാണ് ഖത്തര്‍. ഇപ്പോള്‍ അയര്‍ലാന്റില്‍ നിന്ന ഇറച്ചി കൂടുതലായി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇറച്ചി മാത്രമല്ല അയര്‍ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്യുക. കൂടുതല്‍ ഭക്ഷ്യവിഭവങ്ങളും ഇറക്കുമതി ചെയ്യും. ലോകത്തെ മേന്‍മയേറിയ ഭക്ഷ്യവസ്തുക്കളാണ് അയര്‍ലാന്റിന്റേത്. ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക താല്‍പ്പര്യമെടുത്താണ് ഐറിഷ് ഇറച്ചികള്‍ ഇറക്കുമതി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ശ്രദ്ധേയമായ മന്ദിരമാണ് പ്ലാസ ഹോട്ടല്‍. ഇത് ഖത്തര്‍ വാങ്ങാന്‍ തീരുമാനിച്ചെന്നാണ് പുതിയ വിവരം. 60 കോടി ഡോളര്‍ ചെലവിട്ടാണ് ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കതാര ഹോള്‍ഡിങ്സ് ഈ മന്ദിരം സ്വന്തമാക്കുന്നത്. ഒരുകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരിരുന്നു ഇത്. പ്ലാസ ഹോട്ടലിന്റെ 75 ശതമാനം ഓഹരി ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ സഹാറ ഇന്ത്യ പരിവാറിന്റെ കൈവശമാണ്. ഇതും ഖത്തര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരാര്‍ ഒപ്പുവച്ചിട്ടില്ല. ഒപ്പുവയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരങ്ങള്‍. 30000 കോടി ഡോളര്‍ ആസ്തിയുള്ള ഖത്തറിന്റെ ഫണ്ടില്‍ നിന്നാണ് ഇതിന് വേണ്ട തുക വിനിയോഗിക്കുകയത്രെ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *