സൗദി സ്വദേശിവല്‍കരണം; ചെറുകിട പലചരക്ക് കടകളും ഉള്‍പെടുന്നു

റിയാദ്: സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മേഖലകള്‍ സ്വദേശിവത്കരിക്കാന്‍ സൗദി തൊഴില്‍, സാമൂഹികവികസനമന്ത്രാലയം നടപടി ആരംഭിച്ചു . ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ (ഗ്രോസറി) സമ്പൂര്‍ണ സ്വദേശിവത്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷംതന്നെ ഇതുണ്ടായേക്കും. ഇരുപതിനായിരം സ്വദേശികള്‍ക്ക് ആദ്യവര്‍ഷം തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന മേഖലയാണ് പലചരക്കുകടകള്‍.

ബഖാലകളും മിനിമാര്‍ക്കറ്റുകളും അടച്ചുപൂട്ടി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം ചില്ലറവ്യാപാര ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് തൊഴില്‍, മുനിസിപ്പല്‍ മന്ത്രാലയങ്ങളോട് ശൂറ കൗണ്‍സില്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. വ്യവസായികളും സാമ്പത്തിക വിദഗ്ധരും ഇതിനെ സ്വാഗതംചെയ്തിട്ടുണ്ട്. വിദേശികളുടെ ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് ചെറുകിട പലചരക്ക് കടകള്‍ നിര്‍ത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനിടെയാണ് ബഖാലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന വിവരം പുറത്തുവരുന്നത്.

സൗദിയില്‍ രണ്ടുലക്ഷം ചില്ലറവ്യാപാരസ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ 54,000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുണ്ട്. ഇവിടങ്ങളിലെ 80 ശതമാനം ജീവനക്കാരും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് ബഖാലകള്‍ സ്വദേശിവത്കരിക്കാനുള്ള ശ്രമം നടക്കുന്നത്.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഒരുവര്‍ഷംമുമ്പ് നടപ്പാക്കിയ സമ്പൂര്‍ണ സ്വദേശിവത്കരണം വിജയകരമാണ്. ഷോപ്പിങ് മാളുകള്‍, റെന്റ് എ കാര്‍ ഓഫീസുകള്‍ തുടങ്ങി തിരഞ്ഞെടുത്ത മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിക്കാന്‍ പ്രചോദനമായത് മൊബൈല്‍ ഫോണ്‍ വിപണിയിലെ വിജയമാണെന്നും അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *