പുതിയ സൗദി ബജറ്റില്‍ പ്രവാസികള്‍ക്ക് കരുതി വച്ചതെന്ത്?; ബജറ്റ് വിവരങ്ങളറിയാം…

ജിദ്ദ; സൗദി അറേബ്യ 2018 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 195 ബില്യണ്‍ റിയാലിന്റെ കമ്മിബജറ്റ് അവതരിപ്പിച്ചു. എണ്ണ വിലയുടെ സന്നിഗ്ധതയിലും അധികരിച്ച പൊതുചെലവും കുറഞ്ഞ ബജറ്റ് കമ്മിയും ബജറ്റിനെ ശ്രദ്ധേയമാക്കി. പ്രവാസികളുടെ മേലുള്ള ഫാമിലി ലെവി മുമ്പ് പ്രഖ്യാപിച്ച പോലെ മാറ്റമില്ലാതെ തുടരുമെന്നും സബ്സിഡികള്‍ എടുത്തു കളയുമെന്നുമുള്ള പ്രഖ്യാപനങ്ങളും പുതിയ ബജറ്റിന്റെ പ്രത്യേക അടയാളങ്ങളായി. 978 ബില്യണ്‍ റിയാല്‍ ചെലവും 783 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതു ചെലവില്‍ അച്ചടക്കം പാലിക്കുകയും അഴിമതിയ്ക്കെതിരെയുള്ള പോരാട്ടം സുതാര്യമായി തുടരുമെന്നും പ്രഖ്യാപിച്ചു. ബജറ്റ് വിഹിതത്തിന് പുറമെ മറ്റു വികസന ഫണ്ടുകളില്‍ നിന്നുള്ള ചെലവ് ചെയ്യല്‍ കൂടിയാകുമ്പോള്‍ മൊത്തം സൗദി അറേബ്യയുടെ 2018ലെ മൊത്തം പൊതു ചെലവ് 1 .1 ട്രില്യണ്‍ റിയാല്‍ ആകും.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് ബജറ്റ് അംഗീകരിച്ചത്. അവസാനിക്കുന്ന വര്‍ഷത്തേക്കാള്‍ 5.6 ശതമാനം കൂടുതലാണ് പുതിയ ബജറ്റിലെ പൊതുചെലവ്. വരുമാനമാകട്ടെ, അവസാനിക്കുന്ന വര്‍ഷത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 12.5 ശതമാനം അധികമാണ് താനും. ബജറ്റ് കമ്മി അവസാനിക്കുന്ന വര്‍ഷത്തേക്കാള്‍ 15 ശതമാനം കുറവാണ് പുതിയ ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മി. 291 ബില്യണ്‍ റിയാല്‍ ആയിരുന്നു കൊഴിയുന്ന വര്‍ഷം എണ്ണ ഇതര സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം.

കുറച്ച് വര്‍ഷങ്ങളായി കമ്മി ബജറ്റാണ് സൗദി അറേബ്യക്ക്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ ബജറ്റ് കമ്മി 25 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2020 വര്‍ഷത്തോടെ സന്തുലിത ബജറ്റ് അവതരിപ്പിക്കാന്‍ ലക്ഷ്യം വെച്ച സൗദി ഇത് കൈവരിക്കുന്നത് 2023 വര്‍ഷത്തേക്ക് നീട്ടിവെച്ചു. അതോടൊപ്പം ജനോപകാര പദ്ധതികളും സമ്പദ്ഘടനയുടെ വളര്‍ച്ചയും വരുമാന ഉറവിടങ്ങളുടെ വൈവിധ്യവത്കരണവും സാക്ഷാത്കരിക്കുന്നത്തിനുള്ള പ്രയാണം തുടരുമെന്ന് ബജറ്റ് അവതരണ വേളയില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

സൗദി അറേബ്യയുടെ സാമ്പത്തിക വിപ്ലവ പദ്ധതിയായ വിഷന്‍ 2030 സാക്ഷാത്കരിക്കുന്നതിന് പുതിയ പന്ത്രണ്ടു സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൂര്‍ണമായി എണ്ണ വരുമാനത്തെ ആശ്രയിക്കുകയെന്ന പതിവ് രീതിയില്‍ നിന്ന് വളരെയേറെ മാറാന്‍ ഇതിനകം തന്നെ സാധിച്ചിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്കും വിദേശികളുടെ ആശ്രിതര്‍ക്കും നേരത്തെ പ്രഖ്യാപിച്ച ലെവികള്‍ മാറ്റവുമില്ലാതെ തുടരുമെന്ന പ്രഖ്യാപനം പ്രവാസി സമൂഹത്തിനു ആഘാതമായപ്പോള്‍ സബ്സിഡികള്‍ എടുത്തു കളയുമെന്ന പ്രഖ്യാപനം പൊതു സമൂഹത്തിന് ജാഗ്രത പകര്‍ന്നു. സബ്സിഡികള്‍ എടുത്തുകളയുമ്പോള്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് ജീവിത ചെലവിലുണ്ടാകുന്ന വര്‍ധനവിന് ആശ്വാസം പകരാന്‍ മാസം തോറും 2.50 ബില്യണ്‍ റിയാല്‍ സിറ്റിസണ്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യും. പുതിയ ബജറ്റില്‍ മൊത്തം 32 ബില്യണ്‍ റിയാലിന്റെ നീക്കിവയ്പ്പുണ്ട്. അഴിമതി വിരുദ്ധ യത്‌നത്തിനായി വലിയ പ്രാധാന്യം പുതിയ ബജറ്റില്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലും സന്തുലിത വികസനം തുടരുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും രാജാവ് തുടര്‍ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *