---
title: "സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍"
english_title: "E-billing  in stores in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14493/e-billing-in-stores-in-saudi"
published_at: "2021-12-05T07:45:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac20dd9b22f_SAUDHI.jpg"
keywords: []
---

# സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

> **Lead Summary:** **റിയാദ്: **സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇ-ബില്ലിംഗ് നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും.

## Article Content

**റിയാദ്: **സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇ-ബില്ലിംഗ് നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും.

കൈയെഴുത്ത് ഇന്‍വോയ്സുകളും ടെക്സ്റ്റ് എഡിറ്റര്‍, നമ്പര്‍ അനലൈസറുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഇന്‍വോയ്സുകളും ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കല്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു.

ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ലളിതവല്‍ക്കരിച്ച നികുതി ഇന്‍വോയ്സില്‍ ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്താതിരിക്കല്‍, ഇ-ഇന്‍വോയ്സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും.

ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതലുള്ള തുക പിഴ ലഭിക്കും. നിയമ ലംഘനങ്ങളുടെ സ്വഭാവം, ആവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുക. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നമ്പര്‍, ക്യു.ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14493/e-billing-in-stores-in-saudi)