റിയാദ്: (gcc.truevisionnews.com)ടാക്സി പെർമിറ്റില്ലാതെ വിമാനത്താവളങ്ങളിൽനിന്ന് ആളുകൾക്ക് യാത്രാസൗകര്യമൊരുക്കിയ 635 പേർ പിടിയിൽ.
ജൂലൈ മാസത്തിൽ സൗദിയിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലൂടെയാണ് ഇത്രയും നിയമലംഘകരെ ഗതാഗത അതോറിറ്റി പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണിത്. വിമാനത്താവളങ്ങളിൽ അനധികൃത ടാക്സി സേവനം നൽകുന്നവരെ പിടികൂടാനുള്ള തീവ്രമായ നിരീക്ഷണ കാമ്പയിനുകൾ മാസങ്ങൾക്കു മുമ്പാണ് ഗതാഗത അതോറിറ്റി ആരംഭിച്ചത്.
അതിപ്പോഴും തുടരുകയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ലക്ഷ്യമിടുന്നുണ്ട്.
വിമാനത്താവളങ്ങളിലെ ടാക്സി പെർമിറ്റില്ലാതെ ഗതാഗതസേവനം നൽകുന്നത് കുറക്കുക, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണിതെന്ന് ഗതാഗത അതോറിറ്റി പറഞ്ഞു.
അതോടൊപ്പം വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗതസൗകര്യങ്ങളുടെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കാനും ലൈസൻസുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്.
സൗദിയിലെ നിരവധി വിമാനത്താവളങ്ങളിൽ ചില വ്യക്തികൾ ലൈസൻസില്ലാതെ ഗതാഗത സേവനം നടത്തുന്നുണ്ട്. ഇത് ഗതാഗത വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്ന് അതോറിറ്റി പറഞ്ഞു.
ലൈസൻസില്ലാതെ ഗതാഗത സേവനം നൽകുന്നവർക്ക് 5,000 റിയാൽ പിഴയുണ്ടാകും. വാഹനം കണ്ടുകെട്ടുന്നതും പിടിച്ചെടുക്കുന്നതുമാണ്.
ഇതിന്റെ ഫലമായുണ്ടാകുന്ന ചെലവുകൾ നിയമലംഘകർ വഹിക്കേണ്ടിവരുമെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.
#unauthorized #taxi #service #airports #635 #arrested