ദുബായ്: (gcc.truevisionnews.com) ദുബായിൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കി. ഹത്തയിലെ തസ്ജീൽ സെന്ററിൽ ഒഴികെ ദുബായിലെ മറ്റു ഏതു വാഹന പരിശോധനാ കേന്ദ്രത്തിലും സേവനം ലഭിക്കാൻ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ജൂൺ 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ദുബായിലെ 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലും ആർടിഎ ദുബായ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് (www.rta.ae) വഴി വാഹന പരിശോധനയ്ക്ക് ബുക്ക് ചെയ്യണം. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 100 ദിർഹം ലാഭിക്കാം.
ഈ കേന്ദ്രങ്ങളിൽ വാക്ക്-ഇൻ സേവനം തുടരുമെങ്കിലും 100 ദിർഹം അധിക സേവന നിരക്ക് നൽകേണ്ടിവരും. പരീക്ഷണാടിസ്ഥാനത്തിൽ 2024 ഒക്ടോബറിൽ ഖിസൈസിലെയും അൽബർഷയിലെയും തസ്ജീൽ കേന്ദ്രങ്ങളിൽ ആരംഭിച്ച ഓൺലൈൻ ബുക്കിങ് വിജയകരമായതിനാൽ മറ്റു കേന്ദ്രങ്ങളിലേക്കു കൂടി വിപുലീകരിക്കുകയായിരുന്നു. മുതിർന്ന പൗരന്മാരുടെ പേരിൽ ദുബായിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പരിശോധനയ്ക്ക് ബുക്കിങ് നിർബന്ധമല്ല.
Online booking mandatory get vehicle inspection service Dubai