മണ്ണാർക്കാട്: ( www.truevisionnews.com ) പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ അമ്പത്തിയെട്ടുകാരന്റെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്. പനിയും ശ്വാസതടസ്സവുമായി പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. വിശദമായ പരിശോധനയ്ക്കായി സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഒരാഴ്ചമുൻപ് മണ്ണാർക്കാട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു, കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകീട്ടാണ് മണ്ണാർക്കാട്ടുനിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
നിപ ലക്ഷണങ്ങളുമായി സാമ്യംതോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽകെയർ യൂണിറ്റിൽ കിടത്തിയാണ് ചികിത്സിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംസ്കാരം. അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, പ്രാഥമികമായി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കുമരംപത്തൂർ പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി.
രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി. ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രോഗത്തിൻ്റെ ഉറവിടം വ്യക്തമായിട്ടില്ല.
അതിനിടെ പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികൾക്ക് മന്ത്രി വീണാ ജോർജ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിലെ ആശു പത്രികൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
Nipah virus death in Palakkad District administration releases patient's route map