കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പെടുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇരുപത്തിയൊന്നുകാരി മരിച്ചു. 'റിനോപ്ലാസ്റ്റി' എന്ന മൂക്കിന് നടത്തുന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് യുവതിയുടെ മരണം. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടാണ് മരണം സംഭവച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ശസ്ത്രക്രിയ പൂര്‍ത്തിയായി, വീട്ടില്‍ തിരിച്ചെത്തിയ യുവതിക്ക് പിന്നീട് ബോധം നഷ്ടപ്പെടുകയായിരുന്നുവത്രേ. ഇതിന് പിന്നാലെ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.യുവതിക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ശ്വാസകോശം, അന്നനാളം, ശ്വാസനാളം എന്നിവയില്‍ രക്തം കാര്യമായ അളവില്‍ കയറിയതായാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ശസ്ത്രക്രിയാപ്പിഴവായാണ് സംശയിക്കപ്പെടുന്നത്. ഇതോടെ യുവതിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നുവെന്നാണ് സഹോദരൻ അറിയിക്കുന്നത്. നിയമപരമായി സംഭവത്തില്‍ മുന്നോട്ട് പോകാനാണ് നിലവില്‍ ഇവരുടെ തീരുമാനം. പൊതുവെ മൂക്കിന് അഴക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികപേരും 'റിനോപ്ലാസ്റ്റി' ചെയ്യാറ്. മൂക്കിന് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശസ്ത്രക്രിയ ആണിത്. അധികവും സെലിബ്രിറ്റികളാണ് ഇത് ചെയ്ത് കാണാറുള്ളത്. എന്നാലിപ്പോള്‍ സാധാരണക്കാരും കാര്യമായ രീതിയില്‍ റിനോപ്ലാസ്റ്റി പോലുള്ള പല പ്ലാസ്റ്റിക് സര്‍ജറികളും ചെയ്യുന്നുണ്ട്.
The woman died after undergoing nose surgery