---
title: "#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു"
english_title: "#Even #pardoned,#not #leave #country; #Shamir #died #Qatar #getting #caught #drugtrap"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/203999/even-pardonednot-leave-country-shamir-died-qatar-getting-caught-drugtrap"
published_at: "2024-05-08T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b5c4573b5f_ss.jpg"
keywords: []
---

# #death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: [ **വിസ തട്ടിപ്പിനിരയായി ഏജൻറിന്‍റെ മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങി ജയിലിലായ എറണാകുളം ഇടപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു.

## Article Content

**ദോഹ: [ **വിസ തട്ടിപ്പിനിരയായി ഏജൻറിന്‍റെ മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങി ജയിലിലായ എറണാകുളം ഇടപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു.

വാ​ട്ടേക്കുന്നം നാഗപ്പറമ്പിൽ പരേതനായ മുഹമ്മദ്​ അലിയുടെ മകൻ ഷമീർ (48) ആണ്​ ചികിത്സയിലിരിക്കെ ഖത്തറിൽ മരണപ്പെട്ടത്​.

തടവു ശിക്ഷ അനുഭവിക്കവെ അർബുദബാധിതനായ ​ഷമീർ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ റമദാനിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ പൊതുമാപ്പിൽ ഉൾപ്പെ​ട്ടെങ്കിലും നാടണയും മു​മ്പേ ഷമീർ പ്രവാസമണ്ണിൽ മരണപ്പെട്ടു. ജാസ്​മിനാണ്​ ഭാര്യ. മക്കൾ: സാദിഖ്​, സുമയ്യ, സയ്യദ്​. സഹോദരങ്ങൾ: സലീം, ദിലീപ്​, സകന. പരേതയായ ഫാത്തിമയാണ്​ മാതാവ്​.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ ഖത്തറിലെ ഇന്ത്യൻ എംബസി അപെക്​സ്​ സംഘടനയായ ഐ.സി.ബി.എഫും പ്രവാസി വെൽഫെയർ ആൻറ്​ കൾചറൽ ഫോറം, എഡ്​മാഖ്​ പ്രവർത്തകരും.

2022 ജൂലായിൽ എറണാകുളത്തു നിന്നുള്ള ഏജൻസി​ ജോലി വാഗ്​ദാനം ചെയ്​ത്​ നൽകിയ വിസ വഴിയായിരുന്നു ഷമീർ ഖത്തറിലെത്തിയത്​. ലോകകപ്പ്​ ഫുട്​ബാളുമായി ബന്ധപ്പെട്ട്​ തൊഴിലവസരമുണ്ടെന്ന്​ പറഞ്ഞായിരുന്നു നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്​ വിസ നൽകിയത്​.

കൊച്ചിയിൽ നിന്നും ദുബൈയിലെത്തിയപ്പോൾ ഖത്തറിലെ സ്​പോൺസറിനുള്ള സമ്മാനമെന്ന്​ പറഞ്ഞ്​ ഏജൻറ്​ നൽകിയ ബാഗുമായി ദോഹയിലേക്ക്​ പുറപ്പെട്ട ഷമീർ പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായി.

തുടർന്ന്​ തടവു ശിക്ഷ അനുഭവിക്കവെ, അർബുദ ബാധിതനാവുകയും കഴിഞ്ഞ ഡിസംബറിൽ ഹമദ്​ ആശുപത്രിയിൽപ്രവേശിപ്പിക്കുകയും ചെയ്​തു.

രോഗം ഗുരുതരമായതോടെ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട്​ ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു. സമാനമായ കെണിയിൽ വരാപ്പുഴ ചിറയ്​ക്കകം സ്വദേശി യശ്വന്തും ഖത്തറിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്​.

യശ്വന്തിന്‍റെ ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്​ സംഘത്തെ പിടികൂടിയിരുന്നു.

എറണാകുളം റൂറല്‍ പൊലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മൂന്ന്​ പേർ അറസ്​റ്റിലായെങ്കിലും മുഖ്യ കണ്ണികളെ ഇപ്പോ​ഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/203999/even-pardonednot-leave-country-shamir-died-qatar-getting-caught-drugtrap)