ദുബൈ: (gcc.truevisionnews.com)സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലയളവിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടതോ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ അഡ്മിനിസ്ട്രേറ്റിവ് തലത്തിലുള്ള പിഴത്തുക ഒഴിവാക്കുന്നതിനായി ആനംസ്റ്റി സെന്ററുകളിൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
വിസ നിയമം ലംഘിച്ച് താമസിക്കുന്ന തൊഴിലാളികളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കുന്നതിനും സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനപരമായ പിഴകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രായലം പ്രഖ്യാപിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.
വർക്ക് പെർമിറ്റ് നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ഉപേക്ഷിച്ച കേസുകളിലുള്ള പരാതികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മന്ത്രാലയം നൽകുന്നത്.
കാലാവധികഴിഞ്ഞ വർക്ക് പെർമിറ്റോ റസിഡന്റ്സ് വിസയോ ഉള്ള വ്യക്തികൾ ഉൾപ്പെടെ സ്റ്റാറ്റസ് സെറ്റിൽമെന്റിന് യോഗ്യതയുള്ളവർക്കും തൊഴിൽ ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്ത ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ കമ്പനി ജീവനക്കാർക്കും ഈ സേവനങ്ങൾ ലഭ്യമാണ്.
നിയമം ലംഘിച്ച് താമസിക്കുന്നവർ അവരുടെ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിന് ആംനസ്റ്റി സെന്ററുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഇവർക്ക് പിഴ ഒഴിവാക്കി വിസ നിയമവിധേയമാക്കി രാജ്യത്ത് തുടരാനുള്ള അവസരമാണിത്. നിയമപരമായ നടപടികൾ ഒഴിവാക്കി രാജ്യം വിടാനും അവസരമുണ്ട്.
mohre.gov.ae എന്ന വെബ്സൈറ്റ് വഴിയും മന്ത്രാലയത്തിന്റെ ആപ് വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ ബിസിനസ് സെന്ററുകൾ, ഗാർഹിക തൊഴിലാളികളുടെ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അപേക്ഷ സ്വീകരിക്കും.
നടപടികൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനായി മുഴുവൻ ദിവസവും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
#two #months #amnesty #Private #institutions #can #apply #remission #fine