Apr 13, 2025 03:48 PM

അബുദാബി: വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉൾപ്പെടെ സ്വകാര്യ ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്നത് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കർശനമായി നിരോധിച്ചു. നിയമം ലംഘിച്ച് ഇവ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉപകരണങ്ങൾ കണ്ടുകെട്ടും.

പ്രസ്തുത വിദ്യാർഥിക്കെതിരെ സ്കൂൾ പെരുമാറ്റ നിയമം അനുസരിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്. ഇതേസമയം പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെയോ മന്ത്രാലയത്തിന്റെ നിർദേശാനുസരണം നിശ്ചിത ദിവസം ലാപ്ടോപ് കൊണ്ടുവരുന്നതിന് വിലക്കില്ല.

അനാവശ്യമായി അവധിയെടുക്കുന്നതും വിദ്യാർഥികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചിത ഹജർ ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ദിവസത്തിൽ 3 ക്ലാസുകൾ നഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ ലീവായി കണക്കാക്കും. ഇതു മൊത്തം ഹാജർ നിലയെയും ബാധിക്കും. യൂണിഫോം, ഐഡി കാർഡ് എന്നിവ ധരിക്കാതിരുന്നാലും നടപടിയുണ്ടാകും.

പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിൽ മൂന്നാമത്തെയും അവസാനത്തെയും ടേമിലെ പഠനം നാളെ മുതൽ തുടരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂളുകൾക്ക് പൊതുമാർഗനിർദേശം നൽകിയത്.

അബുദാബി, ദുബായ്, ഷാർജ എമിറേറ്റിലെ ഇന്ത്യൻ സ്കൂളുകൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു. അജ്മാൻ ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സ്കൂളുകളിൽ നാളെയാണ് അധ്യയനം ആരംഭിക്കുന്നത്.

#UAE #bans #students #using #electronic #devices #schools

Next TV

Top Stories