തിരുവല്ലം: ( www.truevisionnews.com ) വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയും പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച ഉച്ചമുതല്‍ ഉഷയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരുവല്ലം പോലീസില്‍ ആളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കിണറിന്റെ മുകളിലുളള വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
എഎസ്ടിഒ ഷാജിയുടെ നേത്യത്വത്തിലെത്തിയ ഹരിദാസ്, സനല്‍കുമാര്‍, സാജന്‍, അരുണ്‍ മോഹന്‍, ബിജു, അജയ് സിങ്ങ്, ജിബിന്‍ സാം, സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറിനുളളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പോലീസ് കേസെടുത്തു. ഭര്‍ത്താവ്: ബിനു. മക്കള്‍: സാന്ദ്ര, ജീവന്‍.
Missing since afternoon Housewife found dead in a well in a nearby house thiruvallam