ഷാർജ: (gcc.truevisionnews.com ) യുഎഇയിലെ ചില പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ വേനൽമഴ പെയ്തത് ആശ്വാസമായി. യുഎഇയുടെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചെങ്കിലും, രാജ്യത്തുടനീളം കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) റിപ്പോർട്ട് ചെയ്ത പ്രകാരം, ഷാർജയിലെ അൽ ദൈദിൽ ഉച്ചയ്ക്ക് രണ്ടിന് താപനില 50.2 ഡിഗ്രി സെൽഷ്യസ് എത്തി.
രാവിലെ അഞ്ചിന് അൽ ഐനിലെ ദംതയിൽ രേഖപ്പെടുത്തിയ 27.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ ഏറ്റവും താഴ്ന്ന താപനില. കാലാവസ്ഥാ പ്രവചനം അനുസരിച്ച്, രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ജൂലൈ 18 വരെ, കാർമേഘങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച താപനില ഉയരുമെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശാനും, അതുമൂലം കാഴ്ചാ പരിധി കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വേനൽമഴ അതിശയകരമായി തോന്നിയേക്കാം, പക്ഷേ യുഎഇയിൽ ഇത് അസാധാരണമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ജൂൺ 28ന് ഖതം അൽ ഷഖ് ല, മലാഖിത് എന്നിവ ഉൾപ്പെടെ അൽ ഐനിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. അന്ന് രാജ്യത്ത് ആദ്യത്തെ വേനൽക്കാല ആലിപ്പഴവർഷവും ഉണ്ടായി.
കഴിഞ്ഞ വർഷം ജൂൺ എട്ടിന് റാസൽഖൈമയുടെയും ഷാർജയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഹത്തയിലേക്കുള്ള വഴിയിലെ അൽ വതൻ റോഡിൽ ഇടിമിന്നലോടുകൂടിയ മഴയും ആലിപ്പഴവർഷവും ഉണ്ടായി. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ വേനൽക്കാലത്ത് ആലിപ്പഴം അസാധാരണമല്ല. ഉപരിതല താപനില ഉയർന്നിരിക്കുകയും മുകളിലെ അന്തരീക്ഷം തണുപ്പുള്ളതുമായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
വേനൽക്കാല മഴ ആശ്വാസകരമാണെങ്കിലും, താമസക്കാർ ജാഗ്രത പാലിക്കുകയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുകയും വേണം. യുഎഇയിലെ വേനൽക്കാലം അസഹനീയവും അപകടകരവുമാണ്. അമിത ചൂട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക്.
Caution advised unexpected summer rain in UAE