ദോഹ : (gccnews.in) അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയിലെ കാഴ്ചയുടെ വൈവിധ്യങ്ങൾ കാണാൻ ജനത്തിരക്കേറുന്നു. ഫാമിലി, കൾചറൽ സോണുകളിലാണ് കൂടുതൽ തിരക്ക്.
കാർഷിക പ്രദർശനങ്ങൾക്കു പുറമേ നടക്കുന്ന കലാ, സാംസ്‌കാരിക, വിനോദ പരിപാടികൾ കാണാനാണ് ജനം ഒഴുകിയെത്തുന്നത്. ഫാമിലി സോണിലെ ഓപ്പൺ എയർ ആംഫി തിയറ്ററിൽ നടക്കുന്ന കലാപരിപാടികൾ കാണാനും നിറഞ്ഞ സദസ്സാണ്.
ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ വീണ്ടുമൊരു ആഘോഷക്കാലമാണ് നടക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നും ഏറെപ്പേർ എക്‌സ്‌പോ കാണാൻ എത്തുന്നു. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള സംഘാടനത്തിന് സന്ദർശകർ നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്.
സന്ദർശകരുടെ സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനമണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസേന ഉച്ചയ്ക്കു ശേഷം രാത്രി വരെ വൈവിധ്യമായ വിനോദ പരിപാടികളും ഖത്തറിന്റെ പരമ്പരാഗത കായികരൂപങ്ങളും നടക്കുന്നു. കുട്ടികൾക്ക് വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് 2024 മാർച്ച് 28 വരെ നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് ഈ മാസം 2ന് അൽബിദ പാർക്കിൽ തുടക്കമായത്.
ഇന്റർനാഷനൽ, കൾചറൽ, ഫാമിലി എന്നിങ്ങനെ 3 സോണുകളിലായിട്ടാണ് പ്രദർശനം. കൾചറൽ, ഫാമിലി സോണുകളിലേക്ക് ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശിക്കാം.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 11 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. ഇന്റർനാഷനൽ സോണിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 8 വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും പ്രവേശിക്കാം.
#DohaExpo #Crowds #flock #see #variety #spectacle #DohaExpo