അബുദാബി: (gcc.truevisionnews.com) യുഎഇയിൽ കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ പാഠപുസ്തകം ലഭിക്കാത്തത് സ്കൂളുകൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടാകുന്നു. ഏപ്രിലിൽ അധ്യയനം ആരംഭിച്ച് 5 ആഴ്ച പിന്നിട്ടിട്ടും പാഠപുസ്തകം വന്നില്ല. 8, 10 ക്ലാസുകളിലെ പാഠപുസ്തകം മാറിയതിനാൽ പഴയതുവച്ച് പഠിക്കാൻ കഴിയില്ല.
പുതിയ പാഠപുസ്തകം അനുസരിച്ചുള്ള ആദ്യ ബോർഡ് പരീക്ഷ എഴുതേണ്ട പത്താം ക്ലാസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതോടെ ആശങ്കയേറി. പത്താം ക്ലാസ് പാഠപുസ്തകം ഏപ്രിൽ ആദ്യവാരവും മറ്റു വിദ്യാർഥികളുടേത് മേയ് ആദ്യവാരവും ലഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പാഠപുസ്തകത്തിനായി വൻ തുക ഈടാക്കിയ സ്കൂൾ അധികൃതരോട് ഇക്കാര്യം ചോദിച്ചപ്പോൾ പുസ്തകത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നായിരുന്നു മറുപടി.പത്താം ക്ലാസ് വിദ്യാർഥികൾക്ക് പുസ്തകത്തിന്റെ പകർപ്പ് (ഫോട്ടോസ്റ്റാറ്റ്) നൽകുകയായിരുന്നു.
പഠിപ്പിക്കുന്ന ഭാഗങ്ങളുടെ പകർപ്പ് മാത്രമാണ് നൽകിയിരിക്കുന്നത്. എന്നാൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഒരു ടേമിന്റെ പിഡിഎഫ് അയച്ചുകൊടുത്ത് സ്വന്തമായി പ്രിന്റ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.കേരള സിലബസ് പത്താം ക്ലാസിലെ പാഠപുസ്തകത്തിന് അബുദാബിയിലെ സ്കൂൾ ഈടാക്കിയത് 733 ദിർഹം (16,909 രൂപ). എട്ടാം ക്ലാസിലേതിന് 726 ദിർഹം (16748 രൂപ). 2 വർഷത്തിനകം ഇരട്ടിയിലേറെ തുകയാണ് പുസ്തകത്തിന് ഈടാക്കിയത്.
സ്കൂൾ അടയ്ക്കാൻ 2 മാസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ വർഷം ഒൻപതാം ക്ലാസിലെ പാഠപുസ്തകങ്ങൾ ലഭിച്ചത്. പുസ്തകം കൊണ്ട് വിദ്യാർഥികൾക്ക് ഗുണമുണ്ടായില്ല. പുത്തൻ പാഠപുസ്തകം സഹോദരങ്ങളോ സുഹൃത്തുക്കളോ ഉപയോഗിക്കാൻ പാടില്ലെന്നാണ് സ്കൂളിന്റെ നിയമം. ജീവിത ചെലവേറുന്നതിനിടെ എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണമെന്ന് സ്കൂൾ അധികൃതർ ശഠിക്കുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു.
ഇതേസമയം പരീക്ഷാഭവന്റെ ഡിപ്പോയിൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് അയച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ചയോടെ പത്താം ക്ലാസ് പാഠ പുസ്തകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇയിലെ കേരള സിലബസ് സ്കൂൾ കോഓർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു. മറ്റു ക്ലാസുകളിലേത് അടുത്ത ആഴ്ച പണം അടച്ചശേഷം ഡിപ്പോയിൽനിന്ന് ശേഖരിച്ച് യുഎഇയിൽ എത്തിക്കാനുള്ള സമയം എടുക്കുമെന്നും സൂചിപ്പിച്ചു.
Kerala syllabus students UAE worried textbooks not arrived