റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക ബന്ദ്വാൽ കരംഖാന സ്വദേശി കിഡ്ല ഇസ്മായിലിെൻറ (58) മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായി അഞ്ച് ദിവസത്തിനുശേഷം പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ ഖബറടക്കി.
സൈക്കിളിൽ സഞ്ചരിക്കുേമ്പാൾ സിന്ധി സൂപ്പർമാർക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടൻ തായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിെൻറ ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ മോബൈൽ ഫോൺ വാഹനം കയറി നശിച്ചിരുന്നു. അതിനാലാണ് സ്പോൺസറേയോ കൂടെ ജോലി ചെയ്യുന്നവരേയോ കണ്ടെത്താൻ കഴിയാതിരുന്നത്.
മരണം നടന്ന് മൂന്നാം ദിവസം തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും കോൺസുലേറ്റ് കമ്യൂനിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സ്വാലിഹുമായി കിങ് ഫൈസൽ ആശുപത്രി അധികൃതർ ബന്ധപ്പെടുകയും അവകാശികളെ കണ്ടെത്താത്ത ഇന്ത്യക്കാരെൻറ മൃതദേഹത്തെ കുറിച്ച് വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെയും സ്പോൺസറെയും കണ്ടെത്തുകയും ബന്ധുക്കൾ നൽകിയ വക്കാലത്ത് പ്രകാരം നിയമ നടപടിക്രമങ്ങൾ നാലകത്ത് മുഹമ്മദ് സ്വാലിഹ് പൂർത്തീകരിക്കുകയായിരുന്നു.
32 വർഷമായി തായിഫിലെ സാമി ബിൻ മുഹമ്മദ് സാഫി എസ്റ്റാബ്ലിഷ്മെൻറിൽ ജോലി ചെയ്യുന്ന ഇസ്മായിൽ അവസാനമായി നാട്ടിൽ പോയി വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു.
ഡിസംബറിൽ മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യയും ദുബൈയിൽ ജോലി ചെയ്യുന്ന മകനും ഒരു മകളുമടങ്ങിയതാണ് പരേതെൻറ കുടുംബം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അസർ നമസ്കാരാനന്തരം അബ്ദുല്ലാഹിബ്നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം മൃതദേഹം ഖബറടക്കി.
മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും മകൻ സുഹൈബും ബന്ധുക്കളും നാലകത്ത് മുഹമ്മദ് സാലിഹും കെ.എം.സി.സി പ്രവർത്തരും സ്പോൺസറും കമ്പനി ജീവനക്കാരും പരേതെൻറ നാട്ടുകാരും പങ്കെടുത്തു.
#body #expatriate #who #died #car #accident #buried #SaudiArabia