ദുബായ്: (gccnews.com) ഇന്ത്യക്കാർക്കായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ആരംഭിച്ച് യുഎഇ. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റേതാണ് പ്രഖ്യാപനം. യുഎഇയിലേക്കുള്ള വിനോദ-ബിസിനസ് യാത്രകൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇന്ത്യയും ഗൾഫ് രാജ്യവും തമ്മിലുള്ള യാത്ര വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 'ഇന്ത്യയ്ക്കും ദുബായ്‌ക്കുമിടയിലുള്ള യാത്രയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം, ബിസിനസ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബായ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ചു', ഡിഇടി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഈ വിസവഴി ഇടക്കാലയളവിൽ ഇഷ്ടാനുസരണം യുഎഇയിലേക്ക് പോയി വരാൻ സാധിക്കും.
മൾട്ടിപ്പിൾ എൻട്രി വിസ അപേക്ഷ സമർപ്പിച്ച് 2-5 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ഡിഇടി വകുപ്പിലെ പ്രോക്സിമിറ്റി മാർക്കറ്റ്‌സ് റീജ്യണൽ മേധാവി ബദർ അലി ഹബീബ് പറഞ്ഞു. എന്നാൽ വിസ ചില നിബന്ധനകളും മുന്നോട്ട് വെക്കുന്നുണ്ട്. യുഎഇയിലെത്തിയാൽ ഒരു വരവിൽ 90 ദിവസം വരെയാണ് തങ്ങാനാവുക.
ആവശ്യമെങ്കിൽ സമാനമായ കാലയളവിലേക്ക് ഒരിക്കൽ കൂടി നീട്ടാവുന്നതാണ്. ആകെ 180 ദിവസവരെ രാജ്യത്ത് തങ്ങാൻ സാധിക്കും. ബിസിനസുകാർക്ക് വാണിജ്യ സംബന്ധമായ യാത്രകൾ, വിനോദസഞ്ചാരികൾക്ക് ഒഴിവുസമയ യാത്രകൾ, കൂടാതെ വിനോദ സഞ്ചാരികൾക്ക് ഒന്നിലധികം തവണ എൻട്രികളും എക്‌സിറ്റുകളും പ്രയോജനപ്പെടുത്താൻ കഴിയും.
2023-ൽ ഇന്ത്യയിൽ നിന്ന് 2.46 ദശലക്ഷം സന്ദർശകരാണ് ദുബായിൽ എത്തിയത്. കൊവിഡ് കാലഘട്ടത്തേക്കാൾ 25 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഴിഞ്ഞ വർഷം ഏറ്റവുമധികം സഞ്ചാരികൾ രാജ്യത്തിന് ലഭിച്ചതും ഇന്ത്യയിൽ നിന്നാണെന്ന് ഡിഇടിയുടെ ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള 1.84 ദശലക്ഷം വിനോദസഞ്ചാരികൾക്ക് നഗരം ആതിഥേയത്വം വഹിച്ചു. 2019 ൽ 1.97 ദശലക്ഷം സന്ദർശകരാണ് എത്തിയത്.
#Indians #perfect #opportunity #travel #UAE