റിയാദ്: (gcc.truevisionnews.com)മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 26 പേരെ സുരക്ഷാസേനകൾ പിടികൂടി.
ഖസീം, ജിസാൻ, അസീർ എന്നീ പ്രവിശ്യകളിൽ ഹാഷിഷ്, ആംഫറ്റാമിൻ, ഖാത് എന്നിവ കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്.
ഔഷധങ്ങളുടെ മറവിൽ ഹാഷിഷ്, ആംഫറ്റാമിൻ ഗുളികകൾ വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയതിന് ഖസീം പ്രവിശ്യയിൽ ഒരു സൗദി പൗരനാണ് പിടിയിലായത്.
360 കിലോഗ്രാം ഖാത് എന്ന ലഹരി സസ്യം അതിർത്തി കടത്തി കൊണ്ടുവന്ന് ആവശ്യക്കാർ എത്തിച്ചുകൊടുക്കുന്ന പ്രവൃത്തിയിലേർപ്പെട്ട ഇത്യോപ്യക്കാരും യമനികളുമായ 24 പേരെ ജിസാൻ പ്രവിശ്യയിലെ അൽദായർ മേഖലയിൽനിന്ന് അതിർത്തി സുരക്ഷാസേനയാണ് പിടികൂടിയത്.
അതിർത്തി നുഴഞ്ഞുകടക്കുകയായിരുന്നു സംഘത്തെ പതിവ് പട്രോളിങ്ങിനിടെ പിടികൂടുകയായിരുന്നു. അസീർ പ്രവിശ്യയിലെ ദഹ്റാന അൽജനൂബിൽനിന്ന് 30 കിലോഗ്രാം ഹാഷിഷുമായി മറ്റൊരു ഇത്യോപ്യൻ പൗരനും അറസ്റ്റിലായിട്ടുണ്ട്.
ജീസാൻ ലാൻഡ് പട്രോൾ സംഘം 880 കിലോഗ്രാം ഖാത് കടത്താനുള്ള മറ്റൊരു ശ്രമം അൽഅരീദ മേഖലയിലും പരാജയപ്പെടുത്തി.
അറസ്റ്റിലായ മുഴുവൻ പ്രതികളെയും പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഒപ്പം പിടികൂടിയ ലഹരിവസ്തുക്കളും. ഇത്തരത്തിലുള്ള മയക്കുമരുന്ന്, ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 911, ബാക്കിയുള്ളിടങ്ങളിൽ 999 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
#saudiarabia #drugs #trafficking #26 #arrested #saudi