ദുബായ് :(www.truevisionnews.com) പൊന്നോണ സമൃദ്ധിയുടെ സുകൃത സ്മരണകളുമായി ഇന്ന് ഗൾഫിലും ഉത്രാടപ്പാച്ചിൽ. പടിവാതിൽക്കൽ എത്തിയ പൊന്നോണത്തെ വരവേൽക്കാനുള്ള നെട്ടോട്ടത്തിലാണു പ്രവാസി മലയാളികൾ.
ഉത്രാടമെന്നാൽ പ്രവാസിക്ക് ഉത്സാഹ രാത്രിയാണ്. ഇന്നലെ വൈകിട്ടും വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.ഇപ്രാവശ്യം തിരുവോണം വാരാന്ത്യ അവധിദിനമായ ഞായറാഴ്ചയായത് മലയാളികളിൽ സന്തോഷം പരത്തി.
കൂടാതെ, നബിദിനവും നാളെയാണ്. അതേസമയം, ചില സംഘടനകളും കമ്പനികളും ഒാണാഘോഷം നേരത്തെ തുടങ്ങി. ഒാഫിസുകളിലും ഒാണം ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ നാട്ടുകാർക്കും ഒാണവും സദ്യയും സുപരിചിതം.
സാമ്പാറും അവിയലും കൂട്ടി സദ്യയുണ്ണാൻ സ്വദേശികൾ പോലും ഇഷ്ടപ്പെടുന്നു. സ്വദേശി വീടുകളിലെ മലയാളി പാചകക്കാർ വർഷങ്ങൾക്കു മുൻപേ കേരളീയ വിഭവങ്ങൾ പരിചയപ്പെടുത്തിക്കഴിഞ്ഞു.
ചില ഒാഫിസുകളിൽ മലയാളികൾ വിഭവങ്ങൾ തയാറാക്കിക്കൊണ്ടുവരുന്ന പതിവുമുണ്ട്. ഇക്കാര്യത്തിൽ ആണുങ്ങളും പെണ്ണുങ്ങളും ഒപ്പത്തിനൊപ്പം.
മലയാളികൾ ധാരാളമുള്ള ഒാഫിസുകളിൽ ഒരാൾക്ക് ഒന്നോ രണ്ടോ വിഭവങ്ങൾ തയാറാക്കിയാൽ മതിയാകും. ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലുള്ളവർക്കും പ്രിയങ്കരമാണ് പായസങ്ങൾ സഹിതമുള്ള ഒാണസദ്യ.
മലയാളികൾ പൊതുവെ ഇന്ന് ഒാഫിസുകളിൽ നിന്നു നേരത്തെയിറങ്ങും. പച്ചക്കറിയും മറ്റും വാങ്ങി രാത്രിയിൽ തന്നെ പല വിഭവങ്ങളും തയാറാക്കുന്നതാണ് പൊതുവായ രീതി. ഗൾഫിലെ ഒാണം ഒരു ദിവസംകൊണ്ടു തീരുന്നതല്ല.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സംഘടനകളുടെ നേതൃത്വത്തിലും എല്ലാ ആഴ്ചയും ഒാണാഘോഷവും കലാപരിപാടികളും ഉണ്ടാകും.
#Gulf #Malayalis #Uttapadachil #Tomorrow #Onam #Nabi #Day