ദുബായ് : (gcc.truevisionnews.com)സ്കൂൾ കന്റീനുകൾ ഭക്ഷ്യസുരക്ഷാ നിയമം പാലിച്ചില്ലെങ്കിൽ കടുത്ത നടപടി വരും. അംഗീകാരമില്ലാത്ത കന്റീനുകൾ നടത്താൻ പാടില്ല.
കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം നിർബന്ധമായും പാലിക്കണം. ഇക്കാര്യങ്ങൾ ഉറപ്പു വരുത്താൻ ദുബായിലെ 470 സ്കൂൾ കന്റീനുകളിൽ പരിശോധന നടത്താൻ നഗരസഭ തീരുമാനിച്ചു.
നോളജ് ആൻഡ് ഹ്യുമൻ ഡവലപ്മെന്റ് അതോറിറ്റി, എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവരും നഗരസഭയുടെ പരിശോധനയിൽ പങ്കാളികളാണ്.
പരിശോധനയ്ക്കു മുന്നോടിയായി എല്ലാ സ്കൂൾ കന്റീനുകൾക്കും നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കൈമാറി. കന്റിനുകളിലേക്ക് അസംസ്കൃത വസ്തുക്കൾ എത്തിക്കുന്ന കമ്പനികൾക്കും മാർഗനിർദേശം നൽകി.
കുട്ടികൾക്ക് നൽകേണ്ട ഭക്ഷണത്തിന്റെ പട്ടിക അനുസരിച്ചു മാത്രമേ ഭക്ഷ്യവിതരണം പാടുള്ളൂ. അധിക പഞ്ചസാര, മൊത്തം കാലറി, ഭക്ഷ്യവസ്തുക്കളിലെ ഫൈബറിന്റെ അളവ് എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹെൽത്ത് സൂപ്പർവൈസർമാരെ ബോധവൽക്കരിക്കും.
ഇവർക്കായി ആരോഗ്യ ശിൽപശാലയും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് നൽകുന്ന വിഭവങ്ങൾ നിലവാരം ഉള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
സ്കൂൾ കന്റീനുകളിൽ ഭക്ഷണം നൽകുന്നതിനു പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഭക്ഷണ വിതരണം, അതു സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ശാസ്ത്രീയമാകണം. ഹെൽത്ത് സൂപ്പർവൈസർമാരും വേണം.
സ്കൂൾ കന്റീനുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ
∙ ഭക്ഷണം എത്തിക്കുന്നതിനുള്ള വാഹനത്തിന് മുനിസിപ്പാലിറ്റിയുടെ അംഗീകാരം വേണം.
∙ ഭക്ഷണം പ്രദർശിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പാത്രങ്ങളും പ്രതലങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം.
∙ നഗരസഭയുടെ അംഗീകാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കരുത്.
∙ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യ സാധനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണം.
∙ പൊതു ശുചിത്വം നിർബന്ധം ∙ കന്റീനിലെ ജീവനക്കാരുടെ വ്യക്തിശുചിത്വവും പരിശോധിക്കും.
∙ കുടിവെള്ളം സൂക്ഷിക്കുന്ന ടാങ്കുകൾ ശുചീകരിച്ചതിന്റെ രേഖകൾ കന്റീനുകൾ സൂക്ഷിക്കണം.
∙ ജീവനക്കാർക്ക് ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ടു പരിശീലനം നൽകിയതിന്റെ രേഖകൾ സൂക്ഷിക്കണം
#Compulsory #quality #food #Dubai #suggestions #school #canteens