റാസല്‍ഖൈമ: (gcc.truevisionnews.com) പതിനഞ്ചുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ ഇരയുടെ സഹപാഠികളായ അറബ് വംശജരായ മൂന്നു കൗമാരക്കാര്‍ക്ക് നല്ല നടപ്പിന് ശിക്ഷ വിധിച്ച് റാക് കോടതി. 2025 ജനുവരി 13ന് റാസല്‍ഖൈമയിലെ ഒരു സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരയെ 15നും 16നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ക്ലാസ് റൂമില്‍വെച്ച് ആക്രമിക്കുകയായിരുന്നു. മൂന്ന് പ്രതികളില്‍ ഒരാള്‍ ക്ലാസ് റൂമിന് അകത്തുവെച്ച് ഇരയെ ശാരീരികമായി മര്‍ദിക്കുകയും രണ്ടു വിദ്യാര്‍ഥികള്‍ ക്ലാസ് റൂമിന്റെ കതക് അടച്ച് ആക്രമണത്തിന് സൗകര്യമൊരുക്കിയെന്നതായിരുന്നു പ്രോസിക്യൂഷന് കേസ്.
മര്‍ദനത്തിനിരയായ വിദ്യാര്‍ഥിക്ക് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധം പരിക്കേറ്റിരുന്നു. പിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും പൊലീസിനും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നല്‍കുകയും ചെയ്തു. അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ ഇര തിരിച്ചറിഞ്ഞു.
പീഡനത്തിന്റെ രേഖകളും തെളിവുകളും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററില്‍ ഇവർ സമര്‍പ്പിച്ചു. 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ റെക്കോര്‍ഡിങ്ങും പ്രതികള്‍ക്കെതിരായ തെളിവായി കോടതി പരിഗണിച്ചു. തുടർന്ന് കോടതി ആദ്യ ഘട്ടത്തില്‍ പ്രതികളെ ജുവനൈല്‍ ഹോമില്‍ തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
എന്നാല്‍, ഇളവ് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച അപ്പീല്‍ സ്വീകരിച്ച കോടതി നിര്‍ബന്ധിത സാമൂഹിക സേവനമായി ശിക്ഷാ വിധി പരിഷ്കരിച്ചു. മുഖ്യ പ്രതിക്ക് മര്‍ദനത്തിനും രണ്ടും മൂന്നും പ്രതികള്‍ക്ക് ആക്രമണത്തിന് കൂട്ടു നിന്നതിനുമാണ് ശിക്ഷ.
എമിറേറ്റ്സ് കള്‍ച്ചറല്‍ ആൻഡ് സ്പോര്‍ട്സ് ക്ലബില്‍ 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യണമെന്നതാണ് ശിക്ഷാ വിധി. അധ്യയന വര്‍ഷാവസാനം വരെ വാരാന്ത്യ ഷിഫ്റ്റുകളില്‍ നാലു മണിക്കൂര്‍ വീതം പ്രതികള്‍ ശിക്ഷ അനുഭവിക്കും.
#Studentbeaten #three #classmates #RasAlKhaimah #goodbehaviorpunishment