അബുദാബി :(gcc.truevisionnews.com) 2025ൽ യുഎഇ സമ്പദ് വ്യവസ്ഥ 4.8 ശതമാനം ഉയരുമെന്ന് പ്രവചനം. ഐസിഎഇഡബ്ല്യു സാമ്പത്തിക ഉപദേഷ്ടാവും ചീഫ് ഇക്കണോമിസ്റ്റും ഓക്സ്ഫഡ് ഇക്കണോമിക്സ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടറുമായ സ്കോട്ട് ലിവർമോർ ആണ് ഇക്കാര്യം പറഞ്ഞത്.
എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വളർച്ച വർഷാവസാനത്തോടെ 4.6 ശതമാനം വർധിക്കുമെന്നും പറഞ്ഞു.ട്രാവൽ, ടൂറിസം ശക്തിപ്പെടുന്നതോടൊപ്പം സന്ദർശകരുടെ എണ്ണവും സർവകാല റെക്കോർഡിലെത്തും.
യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് പ്രവചിക്കുന്നത്. അടുത്ത വർഷവും ഇരട്ട അക്ക വളർച്ച കൈവരിക്കുമെന്നും സൂചിപ്പിച്ചു. ഉയർന്ന പലിശ നിരക്ക് ഉൾപ്പെടെ രാജ്യം ചില വെല്ലുവിളികൾ നേരിടുന്നുണ്ട്.
വൈവിധ്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സർക്കാരിന്റെ പിന്തുണ ഈ വെല്ലുവിളികളെ അതിജീവിക്കാനാവുന്നതായും സൂചിപ്പിച്ചു. 'വി ദി യുഎഇ 2031, ദുബായിലെ ഡി-33 തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നതിനാൽ യുഎഇയിൽ നിക്ഷേപ പ്രവർത്തനങ്ങൾ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശദീകരിച്ചു.
ഓൺ ഷോർ കമ്പനികൾക്ക് 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുക, ബിസിനസുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുക തുടങ്ങിയ പദ്ധതികളിലൂടെ യുഎഇ വിദേശ നിക്ഷേപകർക്കും പ്രതിഭകൾക്കും ആകർഷണീയത വർധിപ്പിക്കുകയാണെന്നും പറഞ്ഞു. ഇതുമൂലം കൂടുതൽ നിക്ഷേപകരും പ്രതിഭകളും യുഎഇയിൽ എത്തുന്നു.
ഈ ഒഴുക്ക് വരും വർഷങ്ങളിലും തുടരും. നികുതിയിളവ്, പ്രതിഭകൾക്കുള്ള ഗോൾഡൻ വീസ തുടങ്ങിയവയും യുഎഇയിലേക്ക് ആഗോള ജനതയെ ആകർഷിക്കുന്നു.
#Passengers #will #increase #Growth #non #oil #economy #will #surge