അബുദാബി :(gcc.truevisionnews.com) യുഎഇയിൽ ശരത്കാലത്തിന് തുടക്കമായതോടെ ഔട്ട് ഡോർ വിനോദ പരിപാടികൾ സജീവമാകുന്നു. കൊടുംചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ ഇനി പുറത്തിറങ്ങി ഉല്ലസിക്കും.
കാലാവസ്ഥ അനുകൂലമായതോടെ ഇനി വാരാന്ത്യങ്ങളിൽ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും തിരക്കേറും.
ചൂടിലേക്ക് കടക്കുന്ന മാർച്ച് അവസാനം വരെ ഇതു തുടരും. കുടുംബമായി കഴിയുന്നവരുടെ വാരാന്ത്യങ്ങൾ അവിസ്മരണീയമാകുന്ന നാളുകൾ കൂടിയാണ് ശൈത്യകാലം.
∙ഗ്ലോബൽ വില്ലേജ് വിസ്മയ കാഴ്ചകളുടെ കലവറയുമായി ഗ്ലോബൽ വില്ലേജ് ഒക്ടോബർ 16ന് തുറക്കും.
ഇന്ത്യ ഉൾപ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവിലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാസാംസ്കാരിക, ഭക്ഷണ രീതികൾ അടുത്തറിയാൻ ഇവിടെ എത്തിയാൽ മതി.
മേയ് 11 വരെ നീളുന്ന ആഗോള ഗ്രാമത്തിലേക്ക് ഒരു കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, തെരുവ് പ്രകടനങ്ങൾ, ജലധാര, സ്റ്റണ്ട് ഷോ, കാർട്ടൂൺ മേളകൾ തുടങ്ങി രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന ഒട്ടേറെ കലാവിരുന്ന് സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം വൈകിട്ട് 4 മുതൽ രാത്രി 12 വരെ. വിശേഷ ദിവസങ്ങളിൽ പുലർച്ചെ ഒന്നുരെയും.
∙ ഷാർജ സഫാരി പാർക്ക് ഷാർജ സഫാരി പാർക്ക് ഇന്ന് സന്ദർകർക്കായി തുറക്കും. ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ട പ്രദർശനവുമായാണ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
∙ഗാർഡൻ ഗ്ലോ അത്ഭുതക്കാഴ്ചകളുടെ വർണ പ്രപഞ്ചവുമായി ദുബായ് സബീൽ പാർക്കിൽ ഈ മാസം 11ന് ഗാർഡൻ ഗ്ലോ തുറന്നിരുന്നു.
രാപകൽ വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന തിളങ്ങുന്ന ഉദ്യാനത്തിൽ 5 വിഭാഗങ്ങളിലായി 500ലേറെ കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്.
ഒരു കോടിയിലേറെ എൽഇഡി ലൈറ്റുകൾ കൊണ്ടാണ് വർണലോകം ഒരുക്കിയിരിക്കുന്നത്.
ഗേറ്റ് 6, 7 ഗേറ്റുകളിലൂടെ അകത്തുകടന്നാൽ ഗാർഡൻ ഗ്ലോയിലെത്താം. പ്രവേശനം ഞായർ മുതൽ വെള്ളി വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ. ശനിയും പൊതു അവധി ദിവസങ്ങളിലും രാത്രി 12 വരെ.
#Festive #season #UAE #entertainment #centers #wealth #amazing #sights