ദുബൈ: (gcc.truevisionnews.com) യുവതിക്കുനേരെ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡ്രൈവറെ ഒരു വർഷത്തെ തടവിനും തുടർന്ന് നാടുകടത്താനും ഉത്തരവിട്ട് ദുബൈ ക്രിമിനൽ കോടതി.
ദുബൈ ലക്ഷ്വറി ട്രാൻസ്പോർട്ട് കമ്പനി ഡ്രൈവറായ ഏഷ്യക്കാരനാണ് പ്രതി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ദുബൈ ബിസിനസ് ബേയിലെ ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് ടാക്സി ബുക്ക് ചെയ്ത യൂറോപ്യൻ വംശജയായ യുവതിയാണ് പരാതിക്കാരി.
പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രാത്രി ഒമ്പത് മണിക്കാണ് യുവതി ടാക്സി വിളിച്ചത്. കാറിൽ കയറിയ യുവതിയെ അൽപനേരം മുന്നോട്ടുകൊണ്ടുപോയ ഡ്രൈവർ നിശ്ചയിച്ച വഴിയിൽ നിന്ന് മാറി ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയ ശേഷം കാറിൽ നിന്ന് പിടിച്ചിറക്കുകയും തുടർന്ന് മണൽ പ്രദേശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് ഡ്രൈവർ കടന്നുകളഞ്ഞതോടെ യുവതി തൊട്ടടുത്ത ബിൽഡിങ്ങിന് സമീപത്തേക്ക് നടക്കുകയും അവിടെ നിന്ന് മറ്റൊരു ടാക്സി വിളിച്ച് വീട്ടിലേക്ക് പോവുകയുമായിരുന്നു. പിറ്റേന്ന് രാവിലെ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പിടിയിലായ പ്രതിയെ യുവതി തിരിച്ചറിയുകയായിരുന്നു.
കോടതിയിൽ ഹാജരായ പ്രതി താൻ കുറ്റം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുന്ന സമയത്ത് പരിഭാഷകൻ ഇല്ലാഞ്ഞതിനാൽ തെറ്റിദ്ധരിച്ചതാണെന്നും ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
#Sexualassault #youngwoman #Driver #faces #jail #deportation