റാസൽഖൈമ: (gcc.truevisionnews.com) ബിസിനസ് പങ്കാളിയെ കുടുക്കാനായി ലഹരിമരുന്ന് കേസിൽപ്പെടുത്തിയ യുവാവിനും ഭാര്യയ്ക്കും 10 വർഷം തടവിനും 50,000 ദിർഹം പിഴയടക്കാനും വിധിച്ച് റാസൽഖൈമ ക്രിനിമൽ കോടതി. കൂടാതെ, കുറ്റകൃത്യത്തിന് കൂട്ടുനിന്ന യുവതിയുടെ സഹോദരന് 15 വർഷത്തെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്.
എസ്.ആർ (പൊലീസ് നൽകിയ പേര്) എന്ന യുവാവും ഭാര്യയും ചേർന്ന് ഏഷ്യക്കാരനായ പങ്കാളിയെയാണ് കുടുക്കാൻ ശ്രമിച്ചത്. റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് പുറത്തിറക്കുന്ന അൽ െഎൻ അൽ സാഹിറ മാസികയിലൂടെയാണ് അധികൃതർ ഈ സംഭവം വെളിപ്പെടുത്തിയത്. കൂട്ടുകമ്പനിയിൽ നിന്ന് പങ്കാളിയെ ഒഴിവാക്കി ആ ലാഭവും സ്വന്തമാക്കാനുള്ള ഭാര്യയുടെ വക്രബുദ്ധിയാണ് മൂവരെയും ഇരുമ്പഴിക്കുള്ളിലാക്കിയത്.
മൂവരും ചേർന്ന് ആരംഭിച്ച കമ്പനി വളരെ പെട്ടെന്ന് തന്നെ വളരുകയും വൻ ലാഭം നേടുകയും ചെയ്തിരുന്നു. ഇതോടെ യുവതിയുടെ അത്യാഗ്രഹം കാരണം ഏതുവിധത്തിലും പങ്കാളിയെ ഒഴിവാക്കാനായി ശ്രമം. ഇതിനായി കണ്ടെത്തിയ വഴിയാണ് അയാളെ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തുക എന്നത്. പക്ഷേ, എങ്ങനെ സാധിക്കും എന്നായിരുന്നു ചിന്ത.
പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന തന്റെ സഹോദരനിലാണ് ആ അന്വേഷണം ചെന്നെത്തിയത്. അയാളാണ് ലഹരിമരുന്ന് പങ്കാളിയുടെ വാഹനത്തിൽ കൊണ്ടുവച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ച് പിടിപ്പിക്കുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ലഹരി വിരുദ്ധ ഉദ്യോഗസ്ഥർ ഏഷ്യൻ പങ്കാളിയെ അറസ്റ്റ് ചെയ്തു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ പങ്കാളി ലഹരിവസ്തു ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിൽ പങ്കാളിക്ക് അടുത്തിടെ എസ്.ആറുമായി തർക്കങ്ങളുണ്ടായിരുന്നതായും പങ്കാളിത്തം അവസാനിപ്പിക്കാൻ ശ്രമിച്ചതായും കണ്ടത്തി.
അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ എസ്.ആറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിച്ചു, ഭാര്യയുടെയും സഹോദരന്റെയും സഹായത്തോടെയാണ് താൻ ഗൂഢാലോചന നടത്തിയതെന്ന് മൊഴിയും നൽകി. റാസൽഖൈമ പൊലീസിന്റെ ബുദ്ധിപൂർവമായ അന്വേഷണ വൈദഗ്ധ്യത്തിന്റെ ഫലമായാണ് കേസ് വിജയിച്ചത്.
Man wife sentenced prison using fake drug case trap business partner UAE