റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ റെയിൽവേക്ക് വൻ കുതിപ്പ്. റിയാദ് മെട്രോ പൂർണമായും പ്രവർത്തന പഥത്തിലെത്തിയ ശേഷം ആദ്യ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കാണിത്. സൗദിയിലെ നഗരാധിഷ്ഠിത ട്രെയിൻ ശൃംഖലകളുടെ പട്ടികയിൽ ഒന്നാമതെത്തിയതായി ഗതാഗത അതോറിറ്റി (ടി.ജി.എ) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. നഗരങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയിൽ റിയാദ് മെട്രോ ഒന്നാമതാണ്.
അതോറിറ്റിയുടെ ഈ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ രാജ്യത്ത് മൊത്തം 3.23 കോടി യാത്രക്കാർ അർബൻ റെയിൽ സംവിധാനങ്ങൾ ഉപയോഗിച്ചു. റിയാദ് ട്രെയിനിനുശേഷം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഓട്ടോമേറ്റഡ് ട്രെയിനാണ് രണ്ടാം സ്ഥാനത്ത്. ഇതേ കാലയളവിൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 60 ലക്ഷമാണ്. റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് റെയിൽ സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ സൗദിയിലെ മൊത്തം റെയിൽ ഗതാഗത മേഖല ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായും 3.5 കോടിയിലധികം യാത്രക്കാർ ട്രെയിനിൽ സഞ്ചരിച്ചതായും സൗദി ഗതാഗത അതോറിറ്റി പറഞ്ഞു.
നഗര ഗതാഗതം വർധിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ് റിയാദ് മെട്രോ. റിയാദ് സിറ്റി റോയൽ കമീഷെൻറ കീഴിലുള്ള ഈ പദ്ധതിയിൽ ഡ്രൈവറില്ലാതെയാണ് ട്രെയിനുകൾ ഓടുന്നത്. ട്രെയിനുകൾ ഓട്ടോമേറ്റഡ് നിയന്ത്രണ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
Railways Saudi Arabia huge boost 25 million people travel Riyadh Metro three months