കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ് അപകടമുണ്ടായത്. ഏറെ ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുളിക്കാന്‍ എത്താറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജില്‍ ഇവിടെയെത്തിയത്. അപകടം നടന്നയുടന്‍ തന്നെ നാജിലിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം മറ്റൊരു സംഭവത്തിൽ കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കൽ കപ്പക്കൽ സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽ പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം . നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്.
രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ജില്ലാ പഞ്ചായത്ത് മുൻ അംഗം ആനാട് ജയൻ പ്രതികരിച്ചു.
Student drowns in Koduvally, Kozhikode, dies