ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ മലയാളികളൊരുക്കിയ 'പൂക്കളം' പ്രേക്ഷകപ്രശംസ നേടി. തെലുങ്കാന ഗവർൺമെന്റിന്റെ നേതൃത്വത്തിൽ വർഷംതോറും ആഘോഷിക്കുന്ന ബത്തുക്കമ്മ ഫെസ്റ്റിവലിന്റെ (പുഷ്പോത്സവം ) ആഗോളതല ഉദ്ഘാടനത്തിന്റെ ഭാഗമായി എ. ആർ. റഹ്‌മാന്റെ സംഗീതത്തിനനുസൃതമായി യുഎഇയിലെ പരസ്യ സംവിധായകൻ മലപ്പുറം ചങ്ങരംകുളം സ്വദേശി താമറും സുഹൃത്തുക്കളും ചേർന്നാണ് ദൃശ്യവിസ്മയം ഒരുക്കിയത്.
പരിപാടി തത്സമയം നേരിട്ട് ആസ്വദിച്ചവർ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ വർഷിച്ചു. എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനു പൂർണമായും പൂക്കളുടെ പ്രമേയത്തിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ്, ത്രി–ഡി അനിമേഷൻ എന്നിവയുപയോഗിച്ച് ഗ്രാഫിക്സ് ദൃശ്യങ്ങൾ ഒരുക്കിയത്.
മലപ്പുറം മൂത്തേടം സ്വദേശിയും മധ്യപൂർവദേശത്തെ അറിയപ്പെടുന്ന അനിമേറ്ററുമായ വി.പി. സനൂപ് അഹമ്മദ് ആണ് ഷോയുടെ ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തത്. ഇന്നലെ(ശനി) രാത്രി 8 ന് ബുർജ് ഖലീഫയുടെ മുകളിൽ ഗാനവും ദൃശ്യങ്ങളും സമന്വയിച്ച മനോഹരമായ പ്രോമോ ഷോയിലൂടെ ബത്തുക്കമ്മ ഫെസ്റ്റിവലിന് തുടക്കംകുറിച്ചു. ഒാസ്കാർ ജേതാവ് കൂടിയായ എ. ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഒരു ഗാനം പൂർണമായും ബുർജ് ഖലീഫയിൽ ഇതാദ്യമായാണ് അവതരിപ്പിച്ചത്.
ബാത്തുക്കമ്മയ്ക്ക് വേണ്ടി ഇന്ത്യയിലെ വിവിധ നിറത്തിലുള്ള പൂക്കളുടെ മാതൃകയിലായിരുന്നു പ്രോമോ ഷോ. പരസ്യ സംവിധായകൻ തൃശൂർ സ്വാദേശി മുഹമ്മദ് ഹാഷിം സുലൈമാനാണ് കോ ഡയറക്ടർ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിന്റെ പ്രോമോ ഷോ തയ്യാറാക്കുന്നതിൽ സഹകരിക്കാൻ കഴിഞ്ഞതിലും എ.ആർ.റഹ്‌മാന്റെ സംഗീതത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു. മലയാളിയായ റഫീസ് റഹ്മത്തുള്ളയുടെ കീഴിലുള്ള ബിസ്‌ഡെസ്‌ക് കമ്പനിയാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.
A. prepared by Malayalees in Burj Khalifa. R. Rahman's 'Flower Field' won critical acclaim