Featured

റിയാദിൽ ശക്തമായ മഴയും കാറ്റും

News |
Mar 15, 2023 09:51 PM

റിയാദ്: ചെറിയ ഇടവേളക്ക്​ ശേഷം റിയാദിൽ ശക്തമായ മഴയും കാറ്റും. ബുധനാഴ്​ച ഉച്ചകഴിഞ്ഞ്​ ഉരുണ്ടുകൂടിയ മഴമേഘങ്ങൾ വൈകീ​ട്ട്​ അഞ്ചോടെ പെയ്​തിറങ്ങി. ഒപ്പം കാറ്റ്​ ശക്തമായി വീശുകയും ആലിപ്പഴ വർഷവുമുണ്ടായി. വലിയ ശബ്​ദത്തോടെയാണ്​ മഞ്ഞുകഷണങ്ങൾ പെയ്​തിറങ്ങിയത്​.

കല്ലുകൾ വാരിയെറിയുന്ന പോ​ലുള്ള ശബ്​ദത്തോടെയാണ്​ വാഹനങ്ങൾക്ക്​ മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ​ആലിപ്പഴങ്ങൾ വീണത്​. റിയാദ്​ നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. റിയാദ് പ്രവിശ്യയിൽ പെട്ട അഫ്​ലാജിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ സിവിൽ ഡിഫൻസ്​ അധികൃതർ രക്ഷപ്പെടുത്തി.

ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹയിലുള്ള ഹസ്ന ചുരംറോഡിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടർന്ന്​ വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ ഗതാഗതം താൽക്കാലികമായി വിലക്കിയിരിക്കുകയാണ്​.

കനത്ത മഴയെ തുടർന്ന്​ പ്രദേശത്തെ താഴ്വരകളിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ട് നിറയുകയായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത്​ പല ഭാഗങ്ങളിലും മഴയും കാറ്റും തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Heavy rain and wind in Riyadh

Next TV

Top Stories










News Roundup