മനാമ: ആഡംബര ടൂർ പാക്കേജ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇരയായവരിൽ മലയാളി നഴ്സ് ദമ്പതികളും. കശ്മീരിലേക്ക് യാത്ര പാക്കേജ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തിയത്. പ്രമുഖ ഷോപ്പിങ് മാളിൽ വെച്ച് നറുക്കെടുപ്പെന്ന വ്യാജേനെ നമ്പർ കൈക്കലാക്കുകയും വിജയികളായെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു. ബഹ്റൈനിലെ പ്രമുഖ ഹോട്ടലിലേക്കാണ് ഇവരെയും വിളിച്ചു വരുത്തിയത്.
അവർ പറഞ്ഞ പ്രകാരം ഹോട്ടലിലെത്തുകയും അവിടെ വെച്ച് ഇരുവർക്കും കശ്മീർ ടൂർ പാക്കേജ് ചെറിയ വിലക്ക് ഓഫർ ചെയ്യുകയുമായിരുന്നുവെന്ന് തട്ടിപ്പിനിരയായ ദമ്പതികൾ പറഞ്ഞു. നാല് പേർക്ക് കൂടി ബഹ്റൈനിൽ നിന്ന് കശ്മീരിലേക്കും അവിടെ നിന്ന് നാട്ടിലേക്കും യാത്ര ടിക്കറ്റും താമസവും ഭക്ഷണവുമടങ്ങിയ കശ്മീർ പാക്കേജും 175 ദീനാറിന് നൽകാമെന്നായിരുന്നു വാഗ്ദാനം.
50 ദീനാർ അഡ്വാൻസും നൽകി. യാത്ര തീയതിയുടെ ഒരു മാസം മുന്നേബാക്കി തുക നൽകണമെന്ന് പറഞ്ഞു. ഒരാഴ്ചക്ക് ശേഷം അഡ്വാൻസ് അടച്ചതിന്‍റെ ബില്ലും മറ്റ് വിവരങ്ങളും മെയിൽ വഴി ഇരുവർക്കും ലഭിച്ചു. അതിനു ശേഷം ഗുദൈബിയയിലുള്ള ഇവരുടെ ഓഫിസിലേക്ക് ബാക്കി തുക നൽകാനായി പോയ സമയം ഒരാൾക്ക് ഏഴ് ദീനാർ വീതം കൂടുതലടച്ചാൽ കശ്മീരിന് പകരം ജോർജിയയിലേക്ക് ഇന്‍റർ നാഷനൽ പാക്കേജ് നൽകാമെന്ന് പറഞ്ഞു.
അവർ നൽകിയ ഐബാൻ നമ്പറിലേക്ക് ജോർജിയ യാത്രക്കെന്ന നിലക്ക് മുഴുവൻ തുകയും നൽകി. അന്ന് തിരികെ പോന്ന് പിന്നീട് യാത്രയുടെ തീയതി അന്വേഷിച്ച് വിളിച്ചപ്പോഴാണ് തട്ടിപ്പിനിരയായതിന്‍റെ ആദ്യ ലക്ഷണം കണ്ടു തുടങ്ങിയതെന്ന് ദമ്പതികൾ പറഞ്ഞു.
അന്ന് ഫോൺ എടുത്തത് പതിവായി ഫോൺ എടുക്കുന്ന ആളായിരുന്നില്ല. അവർ പണവുമായി കടന്നു കളഞ്ഞുവെന്നും നിങ്ങളുടെ പാക്കേജുമായി നമുക്ക് മുന്നോട്ട് പോവാമെന്നും പറഞ്ഞു. പക്ഷേ അവർ കശ്മീരിലേക്ക് മാത്രമേ യാത്ര അനുവദിക്കുള്ളൂ എന്നായി പിന്നീട്. അധികമടച്ച തുക തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ അതിന് ശേഷം വാർഷിക അവധിക്ക് സാധ്യമാകാത്ത തരത്തിൽ യാത്രക്കുള്ള ഒരു സമയം അവർ നൽകി. മുഴുവൻ തുകയും തിരികെ നൽകാൻ ദമ്പതികൾ ആവശ്യപ്പെട്ടിരുന്നു.
തിരികെ നൽകാമെന്നേറ്റ അവർ നിങ്ങൾ നാട്ടിലേക്ക് പോയിക്കോളൂ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുമെന്നും പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോഴൊന്നും ഇവരെ കിട്ടിയിരുന്നില്ല.”മലയാളികളടക്കം നിരവധി പേർ ഇതിനോടകം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Fraudsters promise luxury tour packages Malayali nurse couple among victims