ദുബൈ: ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇമാറാത്തി യുവതി. ദുബൈ ലത്തീഫ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങളുണ്ടാകുന്നത് അപൂർവമാണ്. ലോകത്ത് 5.5 കോടിയിൽ ഒന്ന് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതിനാൽ തന്നെ, ലത്തീഫ ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരെ പ്രസവ ശുശ്രൂഷക്കായി നിയോഗിച്ചിരുന്നു. 29ാം ആഴ്ചയിലായിരുന്നു പ്രസവം. 1.195 ഗ്രാമാണ് കുട്ടികളുടെ ശരാശരി തൂക്കം. ഡോക്ടർമാരായ മഹ്മൂദ് അൽ ഹാലിക്, മുന തഹ്ലാക്, ഫാദി മിർസ, അബീർ അമ്മാർ എന്നിവരാണ് പ്രസവത്തിന് നേതൃത്വം നൽകിയത്.
വർഷത്തിൽ 4000 കുട്ടികൾ ലത്തീഫ ആശുപത്രിയിൽ പിറവിയെടുക്കുന്നുണ്ട്. പ്രസവത്തിനും കുട്ടികൾക്കുമായുള്ള യു.എ.ഇയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ലത്തീഫ ഹോസ്പിറ്റൽ. നവജാത ശിശുക്കൾക്കുള്ള ഏറ്റവും വലിയ ഐ.സി.യുവും ഇവിടെയാണ്. യുനിസെഫിന്റെ ശിശുസൗഹൃദ ആശുപത്രിക്കുള്ള പുരസ്കാരവും ആശുപത്രി സ്വന്തമാക്കിയിട്ടുണ്ട്.
Emirati girl gives birth to five babies in one delivery