കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം മദ്യവിഷബാധയെന്ന് സംശയം ഖൈത്താനിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസികളുടെ മരണ കാരണം വിശദമാക്കുമ്പോഴാണ് മദ്യവിഷബാധ സംശയം അധികൃതര്‍ പുറത്തുവിട്ടത്.
ഖൈത്താൻ ഏരിയയിലെ ഒരു കെട്ടിടത്തിന്‍റെ മുകളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. ശരീരത്തിൽ ശാരീരികമായ ആക്രമണത്തിന്റെയോ ദുരൂഹതയുടെയോ ലക്ഷണങ്ങളൊന്നും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ചത് നേപ്പാൾ പൗരന്മാരാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി മാറ്റി. പ്രാദേശികമായി നിർമ്മിച്ചതും നിയമവിരുദ്ധവുമായ മദ്യം ഇവര്‍ കഴിച്ചിരിക്കാമെന്ന് അധികൃതർ കണ്ടെത്തി. വിഷലിപ്തമായ വസ്തുക്കളുടെ ഉറവിടം കണ്ടെത്താനും മായം കലർന്ന മദ്യം വിതരണം ചെയ്തവരെ തിരിച്ചറിയാനും അന്വേഷകർ ഇപ്പോൾ ശ്രമിക്കുകയാണ്.
Two expatriates found dead Kuwait suspected cause of death alcohol poisoning