---
title: "ഉപഭോക്​താക്കളുടെ അവകാശ സംരക്ഷണം; ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു "
english_title: "The UAE Ministry of Finance has initiated measures to tighten the federal law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104876/the-uae-ministry-of-finance-has-initiated-measures-to-tighten-the-federal-law"
published_at: "2023-03-24T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d331d5ec09_market.jpg"
keywords: []
---

# ഉപഭോക്​താക്കളുടെ അവകാശ സംരക്ഷണം; ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു 

> **Lead Summary:** **ദുബൈ: **ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി കൂടുതൽ വിശദാംശങ്ങ​ളോടെ നിയമം പരിഷ്കരിക്കാനാണ്​ ഒരുങ്ങുന്നത്​.

## Article Content

**ദുബൈ: **ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ ഉൾപ്പെടുത്തി കൂടുതൽ വിശദാംശങ്ങ​ളോടെ നിയമം പരിഷ്കരിക്കാനാണ്​ ഒരുങ്ങുന്നത്​.

പരിഷ്കരിച്ച നിയമം പ്രാദേശിക, ഫെഡറൽ തലങ്ങളിലും സ്വകാര്യ മേഖലയിലും കൂടിയാലോചിച്ച് ഈ വർഷം ആദ്യ പകുതിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു. നിലവിലെ നിയമത്തിലെ അവ്യക്​തതകൾ പരിഹരിക്കുകയും വ്യക്​തമായ നിർദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.

ഉപഭോക്​താവ്​ വാങ്ങിയ ഒരു സാധനത്തിൽ തകരാർ ഉണ്ടാവുകയും പരാതിപ്പെട്ടിട്ടും വിൽപനക്കാരനിൽ നിന്ന് പ്രതികരണമുണ്ടാവുകയും ചെയ്തില്ലെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നത്​ അടക്കം നിയമത്തിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രാലയം കഴിഞ്ഞ വർഷം വിവിധ തലങ്ങളിൽ 94,123 പരിശോധനകൾ നടത്തുകയും 4,227 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്​. ഈ വർഷം ആദ്യമാസങ്ങളിൽ മാത്രം 8,170 പരിശോധനകൾ നടത്തുകയും 1030 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്​.

പരിശോധനകളിലൂടെ വില ടാഗുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ്​ നൽകുന്നതെന്നും ഉറപ്പുവരുത്താൻ കഴിഞ്ഞതായും അധികൃതർ കൂട്ടിച്ചേർത്തു. ഉപഭോക്​താക്കൾ വളരെ വേഗത്തിൽ നിയമലംഘനങ്ങൾ മന്ത്രാലയത്തിൽ അറിയിക്കുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ തന്നെ കച്ചവടത്തിൽ വഞ്ചിക്കപ്പെടുന്നത്​ കുറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

അരി, മാവ്, പഞ്ചസാര, മാംസം, കോഴി, മത്സ്യം, പാലുൽപ്പന്നങ്ങൾ, ജ്യൂസുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിതരണക്കാരുമായി സാമ്പത്തിക മന്ത്രാലയം 26യോഗങ്ങൾ ചേരുകയും റമദാനിലേക്ക്​ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്​. ദുബൈയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രതിദിന ഉപഭോഗം 19,000 ടണ്ണും അബുദാബിയിൽ 6,000 ടണ്ണും എത്തിയിട്ടുണ്ട്​. നിലവിൽ ലഭ്യമായ പഴങ്ങളുടെയും പച്ചക്കറികളുടെയും സ്റ്റോക്ക് 143,000 ടൺ ആണ് അധികൃതർ വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104876/the-uae-ministry-of-finance-has-initiated-measures-to-tighten-the-federal-law)