കുവൈത്ത് സിറ്റി:(gcc.truevisionnews.com) കുവൈത്തിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയ ആളുകളെ രാജ്യം വിടുന്നതിന് സഹായിച്ച കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. തുറമുഖത്തിലെ ജോലി ദുരുപയോഗം ചെയ്ത് രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ കടത്തിവിടുന്നതിന് പ്രതി 500 കുവൈത്ത് ദിനാർ കൈക്കൂലി വാങ്ങിയതായി റിപ്പോർട്ടുണ്ട്.
യാത്രാവിലക്കുള്ളവരെ ഈ ജീവനക്കാരൻ പതിവായി സഹായിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഈ വിവരം അന്വേഷിക്കുന്നതിനായി അധികാരികൾ യാത്രാവിലക്കുണ്ടായിരുന്ന ഒരു രഹസ്യ ഏജന്റിനെ നിയോഗിച്ചു. ഏജന്റ് പ്രതിയെ ബന്ധപ്പെടുകയും പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് ഏജന്റ് തുറമുഖം വഴി കടന്നുപോകുവാൻ സഹായിക്കുകയും ചെയ്തു. ഇത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ അധികാരികൾക്ക് ലഭിക്കാൻ കാരണമായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അറസ്റ്റിലായ ശേഷം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തന്റെ പ്രവൃത്തികൾക്ക് പിന്നിൽ മനുഷ്യത്വപരമായ ഉദ്ദേശ്യങ്ങളാണെന്നും താൻ സഹായിച്ചവർ പിന്നീട് രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ഉറപ്പുണ്ടെന്നും പ്രതി അവകാശപ്പെട്ടു. പ്രതിയുടെ പ്രവൃത്തി ഗുരുതരമായ കൃത്യവിലോപവും ദേശീയ സുരക്ഷാ ലംഘനവുമായാണ് കണക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ സഹായത്തോടെ നിയമവിരുദ്ധമായി യാത്ര ചെയ്തവരെ ചോദ്യം ചെയ്യാനായി വിളിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. യാത്രാ നിയന്ത്രണങ്ങൾ മറികടക്കാൻ സഹായിച്ച എല്ലാവരുടെയും വിവരങ്ങൾ നിലവിൽ ശേഖരിച്ചു വരികയാണ്.
Port employee arrested helping people with travel bans leave Kuwait