അബുദാബി: യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് എൻസിഎം (നാഷനൽ സെന്റർ ഓഫ് മെറ്റിയോറോളജി) ചുവപ്പ്-മഞ്ഞ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. എൻസിഎം പുറത്തിറക്കിയ മാപ്പ് സഹിതമുള്ള മുന്നറിയിപ്പിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ബാധിച്ച ഭാഗങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് യുഎഇയിൽ ചൂടും അനുഭവപ്പെട്ടാലും ഭാഗികമായ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. കിഴക്കൻ മേഖലകളിൽ പകൽ സമയത്ത് മഴയോടുകൂടിയ കനത്ത മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിലും ഞായറാഴ്ച (നാളെ) പുലർച്ചെയും തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും തണുപ്പും മൂടൽമഞ്ഞിന്റെയോ മഞ്ഞുവീഴ്ചയുടെയോ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
വടക്കുപടിഞ്ഞാറും വടക്കുകിഴക്കും ദിശകളിൽ മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസുമാണ് പരമാവധി താപനില പ്രതീക്ഷിക്കുന്നതെന്നും എൻസിഎം അറിയിപ്പിൽ പറയുന്നു.
uae ncm issued red yellow alert due heavy fog today