കൊച്ചി : (www.truevisionnews.com) റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളികളായ ലണ്ടൻ യാത്രക്കാർ. എൺപതോളം മലയാളികളാണ് കണക്ഷൻ ഫ്‌ളൈറ്റിൽ കയറാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്.
ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്നലെ 8. 25ന് പോകേണ്ടിയിരുന്ന സൗദി എയർലൈൻസ് വൈകി യാത്ര തിരിച്ചതാണ് കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെടാനിടയാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം ആദ്യം യാത്ര റദ്ദാക്കിയത്.
ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
പിന്നീട് റിയാദിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരുമായി വിമാനം ഇന്നലെ രാത്രി വൈകി മടങ്ങി. റിയാദിലേക്ക് പോകേണ്ട 122 യാത്രക്കാർ ഇപ്പോഴും ഹോട്ടലുകളിൽ കഴിയുകയാണ്.
തങ്ങളെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. ഇന്ന് വൈകിട്ടും രാത്രിയും ഉള്ള വിമാനങ്ങളിൽ യാത്രക്കാരെ റിയാദിൽ എത്തിക്കും. എമർജൻസി ഡോറിലെ തകരാർ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്രക്കാരെ പുറത്തിറക്കിയത്.
#RIYADH #Malayalam #London #passengers #stuck #Riyadhairport