---
title: "#Saudiarabia | സൗദിയിലെത്തിയ യുവ ദമ്പതികളുടെയും രണ്ട്​ മക്കളുടെയും മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി "
english_title: "#bodies #young #couple #two #children #Saudiarabia #buried #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/149842/bodies-young-couple-two-children-saudiarabia-buried-riyadh"
published_at: "2023-09-29T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516d4914742c_saudi.jpg"
keywords: []
---

# #Saudiarabia | സൗദിയിലെത്തിയ യുവ ദമ്പതികളുടെയും രണ്ട്​ മക്കളുടെയും മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി 

> **Lead Summary:** **റിയാദ്: **ആഗസ്​റ്റ്​ 25ന്​ റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആ​ന്ധ്രസ്വദേശികളായ യുവദമ്പതികളുടെയും രണ്ട്​ മക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി.

## Article Content

**റിയാദ്: **ആഗസ്​റ്റ്​ 25ന്​ റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആ​ന്ധ്രസ്വദേശികളായ യുവദമ്പതികളുടെയും രണ്ട്​ മക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി.

കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ഹൈദരാബാദ്​ സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്​), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്​) എന്നിവരുടെ മൃതദേഹങ്ങളാണ്​ വെള്ളിയാഴ്​ച നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കിയത്​.

എക്​സിറ്റ്​ 15ലെ അൽരാജ്​ഹി പള്ളിയിലാണ്​ മയ്യിത്ത്​ നമസ്​കാരം നിർവഹിച്ചത്​.കഴിഞ്ഞ മാസം 25ന്​ വെള്ളിയാഴ്​ച പുലർച്ചെ ആറുമണിക്ക്​​ റിയാദ്​ നഗരത്തിന്​ ​കിഴക്ക്​ തുമാമയിലെ ഹഫ്ന - തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ച ട്രെയ്​ലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം.

പൂർണമായും കത്തിയമർന്ന ​ഫോർഡ് കാറിനുള്ളിൽ തീയിലകപ്പെട്ടാണ്​​ നാലുപേരും മരിച്ചത്​. കത്തിക്കരിഞ്ഞ്​ തിരിച്ചറിയാൻ കഴിയാത്ത നിലയിലായ മൃതദേഹങ്ങൾ റൂമ ജനറൽ ആശുപത്രി മോർച്ചറിയിലാണ്​ സൂക്ഷിച്ചിരുന്നത്​. തുടർന്ന്​ ഡി.എൻ.എ പരിശോധനയിലൂടെയാണ്​ ഓരോ മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്​.

കഴിഞ്ഞദിവസമാണ്​ ഡി.എൻ.എ പരിശോധന ഫലം ലഭിച്ചത്​. കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാനും പ്രമുഖ സാമൂഹികപ്രവർത്തകനുമായ സിദ്ദീഖ്​ തുവ്വൂരിന്റെ നേതൃത്വത്തിലാണ്​ എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹങ്ങൾ മറവുചെയ്​തത്​.

അപകടമുണ്ടായ സമയം മുതൽ സഹായത്തിന്​ രംഗത്തിറങ്ങിയ അദ്ദേഹം സൗദി പൊലീസ്​, ഫോറൻസിക്​ വിങ്​, ആശുപത്രി, ഇന്ത്യൻ എംബസി എന്നിവയുമായെല്ലാം ബന്ധപ്പെട്ട്​ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ്​ നിയമനടപടികളെല്ലാം പൂർത്തീകരിച്ചത്​.

പൊലീസും ഫോറൻസിക്​, ആശുപത്രി ജീവനക്കാരും എംബസി ഉദ്യോഗസ്​ഥരുമെല്ലാം നല്ല സഹകരണമാണുണ്ടായതെന്നും എല്ലാവരുടെയും ഏകോപിപ്പിച്ച പ്രവർത്തനമാണ്​ ഒ​ട്ടേറെ സങ്കീർണതകളുണ്ടായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്​ത്​ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹായിച്ചതെന്നും സിദ്ദീഖ്​ തുവ്വൂർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

മരിച്ച ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്​. അദ്ദേഹം കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു​. അവിടെ നിന്ന് സകുടുംബം​ ടൂറിസ്​റ്റ്​ വിസയിൽ സൗദിയിലെത്തി ആദ്യം മക്കയിലെത്തി ഉംറയും മദീന സന്ദർശനവൂം പൂർത്തിയാക്കിയ ശേഷം സ്ഥലങ്ങൾ കാണാൻ റിയാദിലേക്ക്​ വന്നതായിരുന്നു. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/149842/bodies-young-couple-two-children-saudiarabia-buried-riyadh)