ദോഹ : (gccnews.in ) നടുറോഡിൽ വാഹനങ്ങളിൽ അപകടകരമായ തരത്തിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർമാരെയും ചുറ്റും നിന്ന് പ്രോത്സാഹിപ്പിച്ചവരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 2 വാഹനങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു.
രാത്രിയിൽ പ്രധാന റോഡിൽ 2 വാഹനങ്ങളിലായി ഡ്രൈവർമാർ അശ്രദ്ധമായി അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അപകടകരമായ വിധത്തിൽ അഭ്യാസ പ്രകടനം നടത്തുന്ന വാഹനങ്ങൾക്ക് ചുറ്റും നിന്ന് കാണികൾ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്.
വാഹനങ്ങൾ അപകടകരമായ വിധത്തിൽ റോഡിലൂടെ ചീറിപായുന്നതും അധികൃതർ വാഹനങ്ങൾ ജപ്തി ചെയ്യുന്നതും വലിയ യന്ത്രം ഉപയോഗിച്ച് 2 വാഹനങ്ങളും തവിടുപൊടിയാക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിങിന് 2 ഡ്രൈവർമാരെയും നിയമവിരുദ്ധ പ്രകടനത്തിന് പ്രോത്സാഹനം നൽകിയവരെയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുകയും കോടതി ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
2 ഡ്രൈവർമാർക്ക് പുറമേ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുക, അമിത വേഗം, അധികൃതരുടെ അനുമതിയില്ലാതെ റോഡിൽ വാഹനങ്ങളുടെ റേസിങ് നടത്തുക എന്നിവയെല്ലാം ഗതാഗത ചട്ട ലംഘനമാണ്.
ഇത്തരം ലംഘനങ്ങൾക്ക് കുറഞ്ഞത് 1 മാസം മുതൽ പരമാവധി 3 വർഷം വരെ ജയിൽ വാസവും 10,000 റിയാലിൽ കുറയാത്തതും പരമാവധി 50,000 റിയാൽ വരെയും പിഴയും അല്ലെങ്കിൽ തടവോ പിഴയോ ഏതെങ്കിലും ഒരു ശിക്ഷയോ ആണ് ചുമത്തുക. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
#arrest #dangerous #practice #vehicles #middle #road #Drivers #spectators #clapped #arrested