കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്‍തു. സാല്‍വയിലായിരുന്നു സംഭവം. പ്രത്യേക സജ്ജീകരങ്ങളോടെ ഏഴ് കഞ്ചാവ് ചെടികളാണ് ഇയാള്‍ വളര്‍ത്തിയിരുന്നത്.
തൊഴില്‍ രഹിതനായ ഒരു പാകിസ്ഥാനി യുവാവ് തന്റെ അപ്പാര്‍ട്ട്മെന്റില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്യുന്നതായും ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്താറുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു.
ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ച് ആവശ്യമായ തെളിവ് ശേഖരിച്ചു. അപ്പാര്‍ട്ട്മെന്റ് റെയ്ഡ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഇവിടെ പരിശോധന നടത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കഞ്ചാവ് ചെടികളും മറ്റ് അനുബന്ധ വസ്‍തുക്കളും പിടിച്ചെടുക്കുകയും ചെയ്‍തു.
ചെടികള്‍ക്ക് ആവശ്യമായ ചൂട് ക്രമീകരിക്കാന്‍ ഉള്‍പ്പെടെ പ്രത്യേക സംവിധാനമൊരുക്കിയായിരുന്നു കൃഷി. കഞ്ചാവ് ചെടികള്‍ക്ക് പുറമെ ഹാഷിഷും ഇവിടെ നിന്ന് കണ്ടെടുത്തു. ഡിജിറ്റല്‍ ത്രാസും, കത്തിയും ഉള്‍പ്പെടെ മറ്റ് സാധനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
Expatriate arrested for planting cannabis in apartment