മസ്കത്ത്: (gccnews.in) ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം വിശുദ്ധ കർമത്തിനായി പുണ്യഭൂമിയിലെത്തി.
ശനിയാഴ്ച പുലർച്ച 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്തുനിന്ന് യാത്ര തിരിച്ച സംഘം രാവിലെ പത്തരയേടെയാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്.
ഒമാൻ ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്കത്ത് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്. ഈ വർഷം 60 മലയാളികളണ് സംഘത്തിലുള്ളത്.
സുബഹി നമസ്കാരത്തിനു ശേഷം പ്രത്യേക പ്രാർഥനകൾ പൂർത്തിയാക്കിയാണ് റൂവിയിൽനിന്നും സംഘം യാത്ര തിരിച്ചത്. എൻ. മുഹമ്മദലി ഫൈസി ഉദ്ബോധന പ്രസംഗം നടത്തി.
വിഭിന്ന സ്വഭാവ സവിശേഷതകളുള്ള ആളുകളുമായും ദേശക്കാരുമായും ഇടപഴകുമ്പോൾ നാം ലോകത്തെതന്നെ അറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജാജിമാർക്ക് ബന്ധുക്കളും സുഹൃത്തുക്കളും ആനന്ദാശ്രുക്കളോടെ യാത്രാമംഗളങ്ങൾ നേർന്നു.
മസ്കത്ത് സുന്നിസെന്റർ ഭാരവാഹികളും ഹാജിമാരുടെ ബന്ധുക്കളും മറ്റും യാത്രയപ്പു ചടങ്ങിൽ സംബന്ധിച്ചു.
ഹജ്ജിനു പോകുന്നവർക്കും യാത്രയപ്പിനു വന്നവർക്കുമായി ചായയും മധുരപലഹാരങ്ങളും പഴവർഗങ്ങളും മറ്റു സഹായവും നൽകി എസ്.കെ.എസ്.എസ്.എഫ് റൂവി ഏരിയ പ്രവർത്തകർ സജീവമായിയുണ്ടായിരുന്നു.
ശൈഖ് അബ്ദുറഹ്മാൻ മൗലവിയാണ് ഹജ്ജ് യാത്ര സംഘത്തെ നയിക്കുന്നത്. ഒമാൻ ഔഖാഫ് മന്ത്രാലയം അംഗീകാരം നൽകിയ ഹജജ് അമീറാണ് അദ്ദേഹം. ജിദ്ദയിലെത്തിയ സംഘം ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മദീനയിലേക്കു പോവുക.
ഈ മാസം 23ന് മദീനയിൽനിന്നാണ് തിരിച്ചുവരിക. മലയാളി ഹജ്ജ് ഗ്രൂപ്പിൽ എല്ല സംഘടനാ വിഭാഗങ്ങളും ഉൾപ്പെടുന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ വർഷം 2500 റിയാലാണ് ഹാജിമാരിൽനിന്നും ഈടാക്കുന്നത്.
ഹജ്ജ് യാത്ര ഉദ്ദേശിച്ചവർക്കായി എല്ലാ സഹായ സഹകകരണങ്ങളും സുന്നീ സെന്റിന്റെ ഹജ്ജ് സെൽ ചെയ്ത് കൊടുത്തിരുന്നു. മസ്കത്ത് സുന്നി സെന്ററിനു കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ്, പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു.
എൻ. മുഹമ്മദലി ഫൈസി, സക്കീർ ഹുസൈൻ ഫൈസി, ഡോക്ടർ അബ്ദുൽസലാം ബഷീറും എന്നിവരായിരുന്നു വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തിരുന്നത്. ഈ വർഷം ഒമാനിൽനിന്ന് 500 വിദേശികൾക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനു വദിച്ചത്.
ഇതിൽ 250 പേർ അറബ് വംശജരാണ് ബാക്കി വരുന്ന 250 പേരിലാണ് മറ്റു രാജ്യങ്ങളിലെ വിദേശികളുൾപ്പെടുന്നത്. ഇതിൽപ്പെട്ട 60 മലയാളികളാണ് വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയത്.
#Malayali #Hajj #Team #Oman #HolyLand