അബൂദബി: (gcc.truevisionnews.com) പൊതു സമൂഹത്തെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടി അബൂദബിയിൽ സമഗ്ര സേവനത്തിന് ആരോഗ്യവകുപ്പ് ലൈസന്‍സ് അനുവദിച്ചു. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഹെല്തിയര് ലിവിങ് അബൂദബി (ഐ.എച്ച്.എല്‍.എ.ഡി) ക്കാണ് അബൂദബി ആരോഗ്യവകുപ്പ് ലൈസന്‍സ് അനുവദിച്ചത്.
ജനങ്ങളുടെ ആരോഗ്യം വിലയിരുത്താനും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും വാര്‍ധക്യ പ്രക്രിയയെയും വിട്ടുമാറാത്ത രോഗത്തിനും കാരണമാവുന്ന രോഗങ്ങളെ തടയുന്നതും അടക്കമുള്ള സമഗ്രമായ സേവനങ്ങള്‍ ഇതിലൂടെ പൊതുജനങ്ങൾക്ക് നൽകും.
രോഗിയുടെ ജീവശാസ്ത്രം, ജീവിതരീതി, ക്ലിനിക്കല്‍ ആവശ്യം അടക്കമുള്ളവയ്ക്ക് അനുസൃതമായി നിര്‍മിത ബുദ്ധിയില്‍ പ്രാപ്തമാക്കിയ വ്യക്തിഗതമായതും സഹകരണപരവുമായ ചികിത്സയാണ് ഐ.എച്ച്.എല്‍.എ.ഡി നല്‍കുക.
ആരോഗ്യപരിചരണ രംഗത്ത് ആഗോളമികവ് കാഴ്ചവയ്ക്കുന്ന അബൂദബിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാവും പുതിയ നീക്കമെന്ന് ആരോഗ്യവകുപ്പിന് കീഴിലെ ഹെല്‍ത് കെയര്‍ വര്‍ക് ഫോഴ്സ് പ്ലാനിങ് സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാഷിദ് ഉബൈദ് അല്‍ സുവൈദി പറഞ്ഞു.
ഹെല്തിയര് ലിവിങ് അബൂദബി, ഹെല്‍തി ലോങെവിറ്റി മെഡിസിന് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ആദ്യത്തെ ആരോഗ്യകരമായ ദീര്‍ഘായുസ് മെഡിസിനുള്ള മാര്‍ഗരേഖ അബൂദബി ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചത്.
വാര്‍ധക്യ സംബന്ധമായ അവസ്ഥകള്‍ തടയുന്നതിനും പരിചരിക്കുന്നതിനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള സേവനങ്ങളാണ് കേന്ദ്രത്തില്‍ നിന്ന് നല്‍കുകയെന്ന് ഐ.എച്ച്.എല്‍.എ.ഡി സി.ഇ.ഒ നികോള്‍ സിറോട്ടിന് പറഞ്ഞു.
#AbuDhabi #onestopshop #adopt #healthy #lifestyle