മസ്കറ്റ്: (gccnews.in) ഒമാനിലെ അന്തരീക്ഷ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ചൊവ്വാഴ്ച മുതൽ ഒമാനിലുടനീളം താപനില ക്രമേണ ഉയരും.
വാരാന്ത്യത്തിൽ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് വരെ എത്തുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വാർത്താകുറിപ്പിൽ പറയുന്നു.
ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും അൽ ദാഹിറ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിൻ്റെ ആഘാതം ഏൽക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി കൊണ്ട് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ഇതിനകം നിർദ്ദേശം നൽകി കഴിഞ്ഞു.
ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 3:30 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്.
ജൂൺ ഒന്ന് മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിള്‍ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തു ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്.
തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ചവിശ്രമം അനുവദിക്കുന്നത്.
#heat #overwhelming; #Oman #Meteorological #Center #predicts #increase #air #temperature