മംഗഫ്: (gccnews.in) കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 41 പേർ മരിച്ചു.
മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്.
പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്.
കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തീ ആളിപ്പടര്‍ന്നതോടെ കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ പലരും രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു.
ഇവരില്‍ പലരും മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഗ്‌നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന തൊഴിലാളി ക്യാമ്പാണിത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
#Fire #laborcamp #Kuwait: #Death #toll #rises #Malayalis #dead