റിയാദ്: (gcc.truevisionnews.com) രണ്ടാഴ്ച മുമ്പ് റിയാദിൽ കാണാതായ മലയാളി യുവാവിനെ എയർപ്പോർട്ട് പരിസരത്ത് നിന്ന് മുഷിഞ്ഞ വേഷത്തിൽ കണ്ടെത്തി.
തിരുവനന്തപുരം സ്വദേശി സജികുമാറിനെ അന്വേഷിച്ച് കണ്ടെത്താൻ സഹായിച്ചത് റിയാദിലെ ഹെൽപ് ഡെസ്ക് കൂട്ടായ്മയാണ്. കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി പ്രചരിച്ചിരുന്നു.
റിയാദിൽ ജോലി ചെയ്തിരുന്ന സജികുമാറിനെ കുറിച്ച് രണ്ടാഴ്ചയായി വിവരങ്ങളൊന്നും ഇല്ലെന്നും കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കന്നമെന്നും ആവശ്യപ്പെട്ട് നാട്ടിൽനിന്ന് കുടുംബം റിയാദിലെ ഇന്ത്യൻ എംബസിയിലേക്ക് പരാതി അയച്ചിരുന്നു.
സാമൂഹിക പ്രവത്തകനായ ശിഹാബ് കൊട്ടുകാടും ‘ഹെൽപ്പ് ഡെസ്ക്’ കൂട്ടായ്‌മ അംഗങ്ങളും നടത്തിയ തിരച്ചിലിലാണ് സജി കുമാറിനെ കണ്ടെത്തിയത്. ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാൾ കുറെ ദിവസമായി റിയാദ് എയർപോർട്ട് പരിസരത്ത് അലഞ്ഞുതിരിയുന്നതായി എയർപോർട്ട് ഉദ്യോഗസ്ഥൻ ശിഹാബ് കൊട്ടുകാടിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഒടുവിൽ എയർപോർട്ട് പരിസരത്ത് നിന്ന് തന്നെ ആളെ കണ്ടെത്തി. സമയത്ത് ഭക്ഷണവും ഉറക്കവും കിട്ടാത്തതിനാല്‍ ആരോഗ്യാവസ്ഥ മോശമായ സജികുമാറിന് ഭക്ഷണം നൽകി കുളിപ്പിച്ച് വസ്ത്രം മാറ്റിച്ചു ഇപ്പോൾ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്.
യുവാവിനെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന കമ്പനിയുമായി സംസാരിച്ച് നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാനാലുള്ള ശ്രമമാണ് നടക്കുന്നത്.
ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ റിയാദ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, അലി ആലുവ, ബഷീര്‍ കാരോളം എന്നിവർ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് രംഗത്തുണ്ട്.
#missing #Malayali #found #Riyadh