റിയാദ് :(gcc.truevisionnews.com)വീട്ടുജോലിക്കാർക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച താമസസൗകര്യം ഉറപ്പാക്കുന്ന തരത്തിൽ സൗദിയില്‍ കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍ പരിഷ്കരിച്ചു.
ഹൗസ് ഡ്രൈവറുടെയും വീട്ടുജോലിക്കാരുടെയും മുറിയുടെ വീതി 2.1 മീറ്ററിലും ആകെ വിസ്തൃതി ആറര ചതുരശ്രമീറ്ററിലും കുറയാന്‍ പാടില്ല എന്നതാണ് ഏറ്റവും പുതിയ വ്യവസ്ഥകളിൽ പ്രധാനപ്പെട്ടത്.
നാലില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രത്യേക മുറി സജ്ജീകരിക്കണമെന്നും ഈ മുറിയിലേക്ക് മാലിന്യങ്ങള്‍ ഇടാൻ എല്ലാ നിലകളിലും സംവിധാനം ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
പാര്‍പ്പിട, വാണിജ്യ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍ക്കുള്ള വ്യവസ്ഥകൾ പരിഷ്കരിച്ച് കഴിഞ്ഞ ദിവസം മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ ഉത്തരവിട്ടിരുന്നു.
സൗദിയിൽ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ വില്ലകളുടെ താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും നിര്‍മാണ അനുപാതം പ്ലോട്ടിന്റെ ആകെ വിസ്തൃതിയുടെ 70 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തി.
കെട്ടിടങ്ങളുടെ ടെറസുകളില്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന അനുബന്ധ പാര്‍പ്പിട സൗകര്യങ്ങളുടെ വിസ്തൃതി 70 ശതമാനമായും ഉയര്‍ത്തി. 400 ചതുരശ്രമീറ്ററും അതില്‍ കുറവും വിസ്തൃതിയുള്ള റസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ ഒരു കാര്‍ പാര്‍ക്കിങ്ങും 400 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള റസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ രണ്ടു കാര്‍ പാര്‍ക്കിങ്ങുകളും ഉണ്ടായിരിക്കണം.
വില്ലകളുടെ പരമാവധി ഉയരം 12 മീറ്ററില്‍ നിന്ന് 14 മീറ്ററായി ഉയര്‍ത്തി. വില്ലകളുടെ വശങ്ങളിലെ മതിലുകളുടെ പരമാവധി ഉയരം മൂന്നര മീറ്ററില്‍ നിന്ന് നാലര മീറ്ററായും ഉയര്‍ത്തി. ബഹുനില കെട്ടിടങ്ങളുടെ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിങ് ആയി ഉപയോഗിക്കാന്‍ അനുവദിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ പാര്‍ക്കിങ് ആയി ഉപയോഗിക്കുന്ന അണ്ടര്‍ ഗ്രൗണ്ട് കെട്ടിടത്തിന്റെ ആകെ നിലകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തില്ല.
#saudi #regulations #permitting #additional #floors #villas #come #into