റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 20,093 വിദേശികൾ കൂടി സൗദി അറേബ്യയിൽ പിടികൂടി. ജൂലൈ നാലിനും ജൂലൈ 10നും ഇടയിൽ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12,460 താമസനിയമ ലംഘകരും 5,400 അതിർത്തിസുരക്ഷ ലംഘകരും 2,233 തൊഴിൽനിയമ ലംഘകരുമാണ് അറസ്റ്റിലായത്.
1,737 പേർ അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. അതിൽ 42 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 49 പേരും അറസ്റ്റിലായിട്ടുണ്ട്.
ഇത്തരം നിയമലംഘകർക്ക് സഹായവും അഭയവും ജോലിയും നൽകിയതിന് 16 പേരെ അറസ്റ്റ് ചെയ്തു. 9,438 പേരെ നാടുകടത്തുന്നതിനുവേണ്ടിയുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികളും കോൺസുലേറ്റുകളുമായി ബന്ധപ്പെടാൻ നടപടി സ്വീകരിച്ചു. 3,833 പേരുടെ യാത്രാനടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.
ഈ കാലയളവിൽ 11,655 പേരെ നാടുകടത്തി. നിയമലംഘകരെ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യം ഒരുക്കിയ വാഹനവും വീടുകളും കണ്ടുകെട്ടും.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പരിലും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പരുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
#saudi #authorities #deported #11655 #illegal #expats #week