കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് വേനൽക്കാലം അവസാന ഘട്ടത്തിലേക്ക് കടന്നു.
ഞായറാഴ്ച മുതൽ അവസാന സീസണിന് തുടക്കമാകും. 13 ദിവസം നീളുന്ന ക്ലൈബെൻ സീസണിൽ ചൂട് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
ഈ ഘട്ടത്തിൽ തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
ഉയർന്ന ചൂടും മിതമായ കാലാവസ്ഥയും തമ്മിലുള്ള വിഭജന കാലമാണ് ഈ സീസൺ. പകലിന് ദൈർഘ്യം കൂടുകയും രാത്രിസമയം കുറയുന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.
ദേശാടനകാലത്തിന്റെ തുടക്കം സൂചിപ്പിച്ച് രാജ്യത്ത് ഹുപ്പു പക്ഷിയുടെ സാന്നിധ്യം. രാജ്യത്ത് ദേശാടന കാലത്തിന്റെ തുടക്കത്തിൽതന്നെ എത്തുന്ന പക്ഷികളിൽ ഒന്നാണ് ഹുപ്പു.
രാജ്യത്തെ കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നതിന്റെ ലക്ഷണമായാണ് ഈ പക്ഷിയുടെ സാന്നിധ്യത്തെ കാണുന്നത്. കുവൈത്ത് ദേശാടനപക്ഷികളുടെ ഒരു പ്രധാന ഇടത്താവളമാണ്.
ശരത്കാലത്തിലും ശീതകാലത്തും വസന്തകാലത്തും ഇവ രാജ്യത്തെത്തുന്നു. ഇടത്തരം വലുപ്പമുള്ള പക്ഷികൾ ആണ് ഹുപ്പുകൾ . കറുത്ത് മെലിഞ്ഞു നീണ്ട കൊക്കും തലയിൽ വലിയ തൂവൽകിരീടവും ഉണ്ട്. ഇവയുടെ ഏറ്റവും ആകർഷണവും ഈ കിരീടമാണ്.
ദീർഘദൂരം യാത്രചെയ്യാൻ ഉതകുന്ന വലിയ ശക്തമായ ചിറകുകളാണ് ഹുപ്പുകൾക്ക്. പല പുരാണങ്ങളിലും സാഹിത്യ സൃഷ്ടികളിലും ഇടം പിടിച്ചിട്ടുള്ള പക്ഷിയുമാണ് ഹുപ്പു. പുരാതന ഈജിപ്തിൽ ഇവയെ ദിവ്യമായ പക്ഷിയായാണ് കണ്ടിരുന്നത്.
ഇത് കൊണ്ട് തന്നെ ഇവയെ പല ഈജിപ്ഷ്യൻ കല്ലറകളിലും ആരാധനാലയങ്ങളിലും ചിത്രീകരിച്ചു കാണാം. ഖുർആനിലും ഹുപ്പുകളെ പ്രതിപാദിച്ചിട്ടുണ്ട്.
സുലൈമാൻ പ്രവാചകനും ബിൽക്കീസ് രാജ്ഞിക്കും ഇടയിൽ സന്ദേശവും വഹിച്ചുകൊണ്ട് ഈ പക്ഷി പറന്നതായാണ് പരാമർശം.ദേശാടന വേളകളിൽ കുവൈത്തിലെ ഉദ്യാനങ്ങൾ,കൃഷിയിടങ്ങൾ, മരുപ്രദേശങ്ങൾ തുടങ്ങി മിക്കയിടത്തും ഇവയെക്കാണാം.
#Summer #coming #end #Kuwait