ജിസാൻ: (gcc.truevisionnews.com) മലമടക്കുകൾക്കിടയിൽ മണ്ണിൽ കൊത്തിയെടുത്തൊരു കളിമൈതാനം.
ജീസാനിലെ അൽദായിർ ഗവർണറേറ്റിലെ അൽഹഷ്ർ കുന്നുകൾക്കിടയിലുള്ള ഭാഗം കുഴിച്ച് അനന്യമായ ശിൽപചാതുരിയോടെ കൊത്തിയുണ്ടാക്കിയ സ്റ്റേഡിയമാണ് വിസ്മയക്കാഴ്ചയായി മാറുന്നത്.
പുരാതന റോമൻ തിയറ്ററുകളോട് രൂപസാദൃശ്യമുള്ള സ്റ്റേഡിയത്തിന്റെ കല്ലുവെട്ടിയും മണ്ണ് കുഴിച്ചും നടത്തിയ നിർമിതി കൗതുകം പകരുന്നതാണ്.
സ്റ്റേഡിയം മേഖലയിലെ സുപ്രധാന ലാൻഡ് മാർക്കായി മാറിയിരിക്കുകയുമാണ്. പ്രകൃതിരമണീയമായ പർവതനിരയുടെ മടക്കുകൾക്കിടയിൽ അൽപം താഴ്ന്ന ഭാഗത്ത് മണ്ണിൽ കുഴിച്ച് നിർമിച്ച കാൽപന്തിൻ കളിമൈതാനം ആധുനികോത്തര സ്റ്റേഡിയങ്ങളോട് കിടപിടിക്കുന്നതാണ്.
അതുകൊണ്ട് തന്നെ കായികപ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. 94 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിൽ കാണികൾക്കിരിക്കാൻ വിശാലമായ ഗാലറികളാണ് മണ്ണടരുകളിൽ കൊത്തിയെടുത്തിരിക്കുന്നത്.
നൂതന ഡ്രൈനേജ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലഞ്ചെരുവിൽനിന്ന് ഒലിച്ചെത്തുന്ന മഴവെള്ളമൊന്നും സ്റ്റേഡിയത്തെ ബാധിക്കുകയില്ല.
അനുപമമായ സൗന്ദര്യസങ്കൽപം സ്റ്റേഡിയം നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. പൗരാണിക കളിമൈതാനങ്ങളുടെ അവശേഷിപ്പുകളിൽനിന്ന് ഉൾക്കൊണ്ട പ്രചോദനം നിർമിതിയിൽ പ്രതിഫലിക്കുന്നുമുണ്ട്.
ഒറ്റനോട്ടത്തിൽ മധ്യകാല ചരിത്രശേഷിപ്പാണോയെന്ന് തോന്നിപ്പിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുടെ കായികതാൽപര്യങ്ങളെയും അഭിലാഷങ്ങളെയും ജോലിയോടുള്ള സമർപ്പണമനോഭാവത്തെയും പ്രതിനിധീകരിക്കുന്ന സൗന്ദര്യാത്മക സർഗമുദ്രയായും സ്റ്റേഡിയം നിർമിതിയെ സൗദിയിലെ കലാലോകം വിലയിരുത്തുന്നുണ്ട്.
മേഖലയിലെ പ്രമുഖ കായിക വിനോദസഞ്ചാര കേന്ദ്രമായും ഇതിപ്പോൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഈ അപൂർവ നിർമിതിയുടെ ശിൽപചാരുതയും കൗതുകവും നുകരാൻ ധാരാളം സന്ദർശകർ നിത്യേനയെന്നോണം ഇവിടെ എത്തുന്നു.
ടൂറിസം സ്പോട്ട് എന്ന നിലയിലുള്ള സാധ്യത തിരിച്ചറിഞ്ഞ പ്രവിശ്യാഭരണകൂടവും സൗദി ടൂറിസം വകുപ്പും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെളിച്ചമുൾപ്പെടെ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചു.
ജിസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസിന്റെ നിർദേശാനുസരണം വലിയ ടൂർണമെന്റുകൾക്കും സ്റ്റേഡിയം വേദിയാക്കുന്നുണ്ട്.
ഏഷ്യയിലെ ഏറ്റവും മനോഹരമായ സ്പോർട്സ് ലാൻഡ്സ്കേപ്പെന്ന അംഗീകാരം അടുത്തിടെ ഇതിനെ തേടിയെത്തിയിരുന്നു.
അൽഹശ്ർ പർവതനിരകളിലെ പാറയിൽനിന്ന് കൊത്തിയെടുത്ത ശിൽപം പോലുള്ള സ്റ്റേഡിയം പ്രകൃതിദത്തമായ കളിമൈതാനം പോലെതന്നെയാണ് തോന്നിക്കുന്നത്.
#playground #sculpture #carved #hills