Dec 14, 2024 05:08 PM

ജിദ്ദ ∙ ജിദ്ദ രാജ്യാന്തര പുസ്തകമേളയ്ക്ക് മികച്ച തുടക്കം. സൂപ്പർഡോമിൽ ആരംഭിച്ച മേളയിൽ 22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.

പ്രാദേശിക, രാജ്യാന്തര ഏജൻസികളുടെ പുസ്തകങ്ങളാണ് 450 തിലധികം വരുന്ന പവിലിയനുകളിലുള്ളത്. 10 ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ സൗദി സർക്കാർ ഏജൻസികളും സൗദി, അറബ് സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

സൗദി ലിറ്ററേച്ചർ, പബ്ലിഷിങ് , ട്രാൻസ്ലേഷൻ കമ്മീഷൻ ഇവൻ്റ് ആണ് ഡിസംബർ 21 വരെ നീളുന്ന മേളയുടെ സംഘാടകർ. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ചരിത്രത്തിൻ്റെ ഉദയം മുതൽ അറേബ്യൻ പെനിൻസുലയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക മൂല്യത്തിൻ്റെ അംഗീകാരമായ ഒട്ടക വർഷത്തിൻ്റെ ആഘോഷം പുസ്തകമേളയിൽ നടക്കുന്നുണ്ട്.

സൗദി അറേബ്യ 2024-നെ ഒട്ടകത്തിൻ്റെ വർഷമായി പ്രഖ്യാപിച്ചത് ഒട്ടകത്തെ ദേശീയ ചിഹ്നമായി ആചരിക്കുന്നതിന് വേണ്ടിയാണ്. ഒട്ടകത്തിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ മൂല്യത്തിലേക്ക് വെളിച്ചം വീശുന്ന പ്രത്യേക പവിലിയൻ തന്നെ ഇവിടെയുണ്ട്.

മേളയിലെ ചുവർചിത്രങ്ങളുടെയും ഖുർആനിലും പ്രവാചകൻ്റെ സുന്നത്തിലും പരാമർശിച്ച സ്ഥലങ്ങളുടെയും പ്രദർശനം സന്ദർശകരുടെ അറിവ് സമ്പന്നമാക്കും.

170-ലധികം വിദഗ്ധർ നയിക്കുന്ന 100-ലധികം കലാപരിപാടികൾ, യുവജനങ്ങൾക്കായി സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ട്.

40 വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ എഴുത്ത്, തിയറ്റർ, അനിമേഷൻ, വിവിധ സംവേദനാത്മക പ്രവർത്തനങ്ങളും കാണാം.

പ്രാദേശികവും രാജ്യാന്തരവുമായ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന നിർമ്മാതാക്കളെ വായനക്കാരുമായി ഒരുമിപ്പിക്കുന്ന സാംസ്കാരിക ജാലകമാണ് ജിദ്ദ പുസ്തക മേള. കല, വായന, എഴുത്ത്, പ്രസിദ്ധീകരണം, പുസ്തക നിർമാണം, വിവർത്തനം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന സംഭാഷണ പ്ലാറ്റ്‌ഫോമുകൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നീ സാംസ്കാരിക പരിപാടികൾക്ക് പുറമെ പ്രശസ്ത എഴുത്തുകാരുടെ പാനൽ ചർച്ചകളിലും പങ്കെടുക്കാം.

സാഹിത്യം, കല, സംഗീതം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ക്രിയേറ്റീവ് ഇടത്തിൽ ദിവസേന പരിപാടികളുണ്ടാകും. എല്ലാ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസ ശിൽപശാലകളിൽ പങ്കെടുക്കാനും അവസരമുണ്ട്.

2 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സർഗ്ഗാത്മകതയും വിനോദവും നിറഞ്ഞ ഇടമുണ്ട്. കരകൗശല ശിൽപശാലകൾ മുതൽ സംവേദനാത്മക കഥപറച്ചിൽ വരെയാണ് ഇവിടുത്തെ കാഴ്ചകൾ.

കുട്ടികൾക്കായി മാത്രം രൂപകൽപന ചെയ്‌തിരിക്കുന്ന ഇൻ്ററാക്ടീവ് സെഷനുകളുണ്ട്. ഗ്രാഫിക് കഥപറച്ചിലിൽ ആകൃഷ്ടരായവർക്കായി വ്യതിരിക്തമായ ഗ്രാഫിക് സ്റ്റോറികളും കോമിക്‌സും പര്യവേഷണം ചെയ്യാൻ അവസരമൊരുക്കുന്നതാണ് മംഗ കോർണർ.

സൗദി എഴുത്തുകാർക്ക് അവരുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ സന്ദർശകർക്കും ആരാധകർക്കും പരിചയപ്പെടുത്താനുള്ള ഇടവുമുണ്ട്.

രാജ്യത്ത് സംസ്‌കാരവും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമ്മിഷൻ്റെ താൽപ്പര്യമാണ് ജിദ്ദ പുസ്തകമേളയിൽ പ്രതിഫലിക്കുന്നതെന്ന് പബ്ലിഷിങ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽ വാസിൽ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ സമാപിച്ച റിയാദ് പുസ്തകമേളയ്ക്കും കഴിഞ്ഞ ഓഗസ്റ്റിൽ സമാപിച്ച മദീന പുസ്തകമേളയ്ക്കും ശേഷം 2024-ൽ നടക്കുന്ന മൂന്നാമത്തെ പ്രദർശനമാണ് ജിദ്ദ പുസ്തക മേള









#Involvement #over #thousand #publishers #Jeddah #International #Book #Fair #begins

Next TV

Top Stories










News Roundup






Entertainment News