റിയാദ്: (gcc.truevisionnews.com) ഉംറ തീർഥാടകരുമായി യാത്ര ചെയ്യവേ മലയാളി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നാൽപതോളം വരുന്ന ഉംറ തീർഥാടകർക്ക് തുണയായത് കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി സഹഡ്രൈവറുടെ സാഹസികത.
ഉംറ തീർഥാടനം നിർവഹിച്ച്, മദീന സന്ദർശനവും പൂർത്തിയാക്കി സൗദി തലസ്‌ഥാനമായ റിയാദിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ബസ് ഡ്രൈവർ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം കുഴഞ്ഞുവീണത്.
ബസ് നല്ല വേഗത്തിലായിരുന്നു മദീനയിൽനിന്ന് റിയാദ് ലക്ഷ്യം വച്ച് നീങ്ങിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഡ്രൈവർ നസീമിന് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് സഹഡ്രൈവർക്ക് തോന്നിയത്.
ഉടൻ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയ ഇദ്ദേഹം നിയന്ത്രണം ഏറ്റെടുക്കുകയും ബസ് സുരക്ഷിതമായി ഒരിടത്ത് നിർത്തുകയും ചെയ്തു. നസീമിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാദിനൂർ ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. റിയാദിൽനിന്ന് 560 കിലോമീറ്റർ അകലെ ഉഖ്‌ലതുസ്സുഖൂറിൽ ബുധനാഴ്ച (ഇന്നലെ) ഉച്ചക്കാണ് സംഭവം ഉണ്ടായത്. 40 ലധികം ഉംറ തീർഥാടകർ ഉണ്ടായിരുന്നു ബസിൽ.
ബുധനാഴ്ച രാവിലെയാണ് ഇവർ മദീനയിൽനിന്ന് റിയാദിലേക്ക് തിരിച്ചത്. ഉച്ചയോടെ ഉഖ്ലതുസ്സുഖൂറിൽ എത്തുകയും ചെയ്തു. നസീമിന്റെ മൃതദേഹം ഉഖ്‌ലതുസ്സുഖൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
#Malayali #driver #collapsed #died #traveling #pilgrims #Saudi